പുതിയ കിയ സെല്‍റ്റോസ് എത്തി: വില ₹10.89 ലക്ഷം മുതല്‍
കിയ മോട്ടോഴ്‌സിന്റെ മിഡ് സൈസ് എസ്.യു.വിയായ(Sports Utility Vehichle/SUV) സെല്‍റ്റോസിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്തി. 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളിലാണ് പുതിയ സെല്‍റ്റോസ് അവതരിപ്പിച്ചിരിക്കുന്നത്.
ലെവല്‍ 2 ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം(എഡിഎഎസ്), ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍, നൂതനമായ സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ചേര്‍ന്ന് പുതിയ കാലത്തെ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് മുഖം മിനുക്കിയ സെല്‍റ്റ്‌സിന്റെ വരവ്. ജൂലൈ 14 ന് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ 13,000 ത്തിലധികം ബുക്കിംഗുകളാണ് സെല്‍റ്റോസ് 2023 നേടിയത്.
എന്‍ജിന്‍ ഓപ്ഷനുകള്‍
സ്മാര്‍ട്ട് സ്ട്രീം 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍, ടര്‍ബോചാര്‍ജ്ഡ് 1.5 ലിറ്റര്‍ ജിഡിഐ എന്‍ജിന്‍, 1.5 ലിറ്റര്‍ സി.ആര്‍.ഡിഐ ഡീസല്‍ എന്‍ജിന്‍ എന്നീ മുന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ വാഹനത്തിനുണ്ട്. 1482 സിസി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 157.81 ബി.എച്ച്.പി കരുത്തും 253എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യുമ്പോള്‍ 1493 സിസി ഡീസല്‍ എന്‍ജിന്‍ 114.41 ബിഎച്ച് പി കരുത്തും 250 എന്‍.എം ടോര്‍ക്കും നല്‍കുന്നു.
അടിസ്ഥാന പെട്രോള്‍ വകഭേദത്തിന് 6 സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉണ്ടാകുക. ഉയര്‍ന്ന വകഭേദത്തിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റീക് ഗിയര്‍ബോക്‌സുമായാണ് വരുന്നത്. ഇത്തരത്തില്‍ 18 വകഭേദങ്ങള്‍ സെല്‍റ്റോസ് വാഗ്ദാനം ചെയ്യുന്നു.
ഉള്‍വശം
പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍, പരിഷ്‌കരിച്ച എല്‍.ഇ.ഡി ലൈറ്റിംഗ് എന്നിവയാണ് പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നത്. ഉള്‍വശത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 10.25 ഇഞ്ച് ഇരട്ട ഡിജിറ്റല്‍ സ്‌കീനുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ 8 ഇഞ്ച് എച്ച്.യു.ഡി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എട്ട് തരത്തില്‍ മാറ്റാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും പ്രത്യേകതകളാണ്.
എട്ട് മോണോ ടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും കൂടാതെ എക്‌സ്‌ക്ലൂസീവ് മാറ്റെ ഗ്രാഫൈറ്റ് നിറത്തിലും വാഹനം ലഭ്യമാണ്.
മത്സരത്തിനിവര്‍
ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി വിറ്റാറ എന്നിവയാണ് സെല്‍റ്റോസ് 2023ന്റെ മുഖ്യ എതിരാളികള്‍. കൂടാതെ മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ വരുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗന്‍ ടൈഗുണ്‍, എം.ജി ആസ്റ്റര്‍ എന്നിവയും മത്സരത്തിനുണ്ട്. സെപ്റ്റംബറില്‍ അവതരിപ്പിക്കുന്ന ഹോണ്ടയുടെ എലിവേറ്റും സെല്‍റ്റോസിന് എതിരാളിയാണ്.
കെ-കോഡ്
വാഹനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന കെ-കോഡ് എന്ന പ്രയോരിറ്റി ഡെലവറി സംവിധാനവും കിയ അവതരിപ്പിച്ചിട്ടുണ്ട്. കിയ സെല്‍റ്റോസിന്റെ പഴയ മോഡല്‍ സ്വന്തമാക്കിയിട്ടുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കാനാകുക. കൂടാതെ പഴയ സെല്‍റ്റോസ് ഉപയോഗിക്കുന്ന സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പ്രയോരിറ്റി ഡെലിവറിക്കായി കോഡ് നേടാനാകുന്നതുമാണ്.