6 ലക്ഷം രൂപ കുറച്ചു! വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്ക് മാത്രം; 2025 ജീപ്പ് മെറിഡിയന്‍ ഇന്ത്യയില്‍

ഫേസ്‌ലിഫ്‌റ്റോടെ ജീപ്പ് മെറിഡിയന്‍ 2025 എഡിഷന്‍ ഇന്ത്യയിലെത്തി. 24.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. 6 ലക്ഷം രൂപയോളം വില കുറച്ചാണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തുന്നത്. നാല് വേരിയന്റുകളില്‍ 5 അല്ലെങ്കില്‍ 7 സീറ്റ് ഓപ്ഷനില്‍ വാഹനം ലഭിക്കും. ഇതാദ്യമായാണ് മെറിഡിയന്‍ 5 സീറ്റ് ഓപ്ഷനിലെത്തുന്നത്. ഇതിനോടകം ബുക്കിംഗ് തുടങ്ങിയ വാഹനം ഈ മാസം അവസാനത്തോടെ ഡെലിവറി തുടങ്ങും.

വലിയ ഫീച്ചറുകള്‍

നേരത്തെ 31.32 ലക്ഷം രൂപയ്ക്ക് എത്തിയിരുന്ന വാഹനത്തിന്റെ വിലയില്‍ വലിയ കിഴിവോടെയാണ് പുതിയ വേര്‍ഷന്‍ ജീപ്പ് ഇന്ത്യ അവതരിപ്പിച്ചത്.

ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് പ്ലസ്, ലിമിറ്റഡ് (ഒ), ഓവര്‍ലാന്‍ഡ് എന്നിങ്ങനെ നാല് ഒപ്ഷനുകളില്‍ വണ്ടി ലഭിക്കും. ഉയര്‍ന്ന മോഡലിന് 36.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പത്തോളം അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ലെവല്‍ 2 അഡാസ് സ്യൂട്ടാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. 360 ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റന്റ്, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയ 70ലധികം സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്.
മുന്‍ മോഡലിലുണ്ടായിരുന്ന 10.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നിലനിറുത്തിയിട്ടുണ്ട്. നാവിഗേഷന്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, 9 സ്പീക്കര്‍ ആല്‍പ്പൈന്‍ മ്യൂസിക് സിസ്റ്റം, ഡുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിന് പ്രീമിയം ഫീല്‍ നല്‍കുന്നവയാണ്. അലക്‌സ ഹോം മുതല്‍ എസ്.യു.വി കണ്‍ട്രോള്‍ വരെയുള്ള 30ലധികം കണക്ടഡ് ആന്‍ഡ് റിമോട്ട് ഫീച്ചറുകള്‍ പുതിയ ജീപ്പില്‍ ആയാസരഹിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പുവരുത്തും.

ഏത് വഴിയെ വേണേലും പോകാം

3,750 ആര്‍.പി.എമ്മില്‍ 167 ബി.എച്ച്.പി കരുത്തും 1,750 മുതല്‍ 2,500 വരെ ആര്‍.പി.എമ്മില്‍ 350 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിന്‍ വാഹനത്തില്‍ നിലനിറുത്തിയിട്ടുണ്ട്. 6 സ്പീഡ് മാനുവല്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഒപ്ഷനുകളിലാണ് വാഹനം ലഭ്യമാവുക. ഏത് ദുര്‍ഘട പാതയും താണ്ടാന്‍ 4x4 പതിപ്പും അത് വേണ്ടാത്തവര്‍ക്ക് 2x2 പതിപ്പും ലഭ്യമാകും. ജീപ്പ് കോമ്പസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കോഡിയാക്ക്, എം.ജി ഗ്ലോസ്റ്റര്‍ എന്നിവരാകും മെറിഡിയന്റെ പ്രധാന എതിരാളികള്‍.

Related Articles
Next Story
Videos
Share it