സുസുക്കി മുതല്‍ ടൊയോട്ടവരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന, എന്നാല്‍ ഇവിടെ വില്‍പ്പനയില്ലാത്ത 5 കാറുകള്‍

ഇന്ത്യയില്‍ നിരത്തുകളിലെത്തുന്ന കാറുകള്‍ പേര് മാറ്റി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുക പതിവാണ്. എന്നാല്‍ മറ്റ് വിപണികള്‍ക്ക് വേണ്ടി മാത്രവും കമ്പനികള്‍ വാഹനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്താത്ത 5 മോഡലുകളെ പരിചയപ്പെടാം.

1. മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവെ

2007-2018 കാലയളവില്‍ ഇന്ത്യയില്‍ വില്‍പ്പന ഉണ്ടായിരുന്ന മോഡല്‍ തന്നെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവെ (Mahindra Scorpio Getaway). ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നിര്‍ത്തിയ ഈ പിക്കപ്പ് മോഡല്‍ പക്ഷെ ഇപ്പോഴും മഹീന്ദ്ര നിര്‍മിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുകയാണ് ഗെറ്റ്എവെ ഇപ്പോള്‍.

2. മഹീന്ദ്ര റൊക്‌സര്‍

പഴയ തലമുറ മഹീന്ദ്ര താര്‍ തന്നെയാണ് റൊക്‌സര്‍ (Mahindra Roxor). ജീപ്പിന്റെ ഡിസൈന്‍ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ഒരുകാലത്ത് റൊകസര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വടക്കേ അമേരിക്കന്‍ വിപണി ലക്ഷ്യമിട്ടാണ് ഈ വാഹനം മഹീന്ദ്ര ഇപ്പോഴും നിര്‍മിക്കുന്നത്. അവിടെ ഒരു കള്‍ട്ട് ഫോളോവിംഗ് ഉള്ള വാഹനമാണ് റൊക്‌സര്‍.

3. സുസുക്കി ജിമ്‌നി

ഏറെനാളുകളായി ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഒരു മോഡലാണ് സുസുക്കിയുടെ ജിമ്‌നി (Suzuki Jimny). കഴിഞ്ഞ ജനുവരിയിലാണ് മാരുതി സുസുക്കി ഇന്ത്യയില്‍ നിന്ന് ജിമ്‌നിയുടെ കയറ്റുമതി ആരംഭിച്ചത്. കോംപ്ാക്ട് എസ്‌യുവി ആയ ജിമ്‌നിയുടെ 5-ഡോര്‍ വേര്‍ഷനാവും ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

4. ടൊയോട്ട റുമിയന്‍

സൗത്ത് ആഫ്രിക്ക ഉള്‍പ്പടെയുള്ള വിപണികളില്‍ ടൊയോട്ട വില്‍ക്കുന്ന മാരുതി എര്‍ട്ടിഗ റീബാഡ്ജ്ഡ് വേര്‍ഷനാണ് റുമിയന്‍ (Toyota Rumion). മാരുതി നിര്‍മിക്കുന്ന വാഹനം ടൊയോട്ട കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം അതേ വിഭാഗത്തിലായി റുമിയന്‍ ഇന്ത്യന്‍ വിപണിയിലും എത്തിയേക്കും.

5. ടൊയൊട്ട ബെല്‍റ്റ

എര്‍ട്ടിഗയ്ക്ക് സമാനമായി മാരുതി സുസുക്കിയുടെ സിയാസിന്റെ റീബാഡ്ജ് ചെയ്ത മോഡലാണ് ബെല്‍റ്റ (Toyota Belta). മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ് ബെല്‍റ്റ കയറ്റി അയക്കുന്നത്. ടൊയോട്ട ബെല്‍റ്റയും ഇന്ത്യന്‍ വിപണിയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മാരുതി സുസുക്കിയുടെ ബലേനോ റീബാഡ്ജ് ചെയ്ത് ഗ്ലാന്‍സ എന്ന പേരില്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it