ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയാണോ? ഒന്നു ശ്രദ്ധിക്കൂ... ബാറ്ററി ലൈഫ് കൂട്ടാന്‍ 5 വഴികള്‍!

ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആയുസ്സ് കൂട്ടാനും കൂടുതല്‍ റേഞ്ച് നേടാനും സാധിക്കും.
electric vehicle
Image by Canva
Published on

ഇന്ത്യന്‍ ഇലക്ട്രിക് വാഹന (ഇവി) വിപണിയില്‍ ഇ-സ്‌കൂട്ടറുകള്‍ ആധിപത്യം ശക്തമാക്കുകയാണ്. പക്ഷെ, എല്ലാവരും ഇതിന്റെ ഒരു പ്രധാനപ്രശ്‌നമായി പറയുന്നത് ബാറ്ററിയുടെ ആയുസ് വളരെ പെട്ടെന്ന് കുറയുന്നതാണ്.

ഒരു ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും വിലയേറിയതും പ്രധാനപ്പെട്ടതുമായ ഭാഗം അതിന്റെ ബാറ്ററിയാണ്. ലിഥിയം-അയണ്‍ ബാറ്ററി പാക്കുകള്‍ക്ക് കാലക്രമേണ ശേഷി കുറയുന്നത് സ്വാഭാവികമാണെങ്കിലും, ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ ആയുസ്സ് കൂട്ടാനും കൂടുതല്‍ റേഞ്ച് നേടാനും സാധിക്കും.

നിങ്ങളുടെ ഇ-സ്‌കൂട്ടറിന്റെ ബാറ്ററി കൂടുതല്‍ കാലം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന 5 പ്രധാന ടിപ്പുകള്‍ ഇതാ:

1. ചാര്‍ജിംഗ് രീതി ശ്രദ്ധിക്കുക

ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതുപോലെ, ഇ-സ്‌കൂട്ടറിന്റെ ബാറ്ററി പൂര്‍ണ്ണമായി തീര്‍ന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, എല്ലാ ദിവസവും 100 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക. ഓട്ടോ നിര്‍മ്മാതാക്കളും ബാറ്ററി വിദഗ്ദ്ധരും പറയുന്നത്, ബാറ്ററി ചാര്‍ജ് ലെവല്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ നിലനിര്‍ത്തുന്നതാണ് ഏറ്റവും ഉചിതം എന്നാണ്. ഇത് ബാറ്ററി സെല്ലുകളില്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും ലൈഫ് കൂട്ടുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം 100 ശതമാനം ചാര്‍ജ് ചെയ്യുക.

2. താപനില നിയന്ത്രിക്കുക

ലിഥിയം-അയണ്‍ ബാറ്ററി പാക്കുകള്‍ക്ക് താപനില ഒരു പ്രശ്‌നമാണ്. അമിതമായ ചൂടും തണുപ്പും ബാറ്ററിയുടെ പ്രകടനത്തെയും ആയുസിനെയും ദോഷകരമായി ബാധിക്കും.

വേനല്‍ക്കാലത്ത്, നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കാത്ത തണലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും ചാര്‍ജ് ചെയ്യാനും ശ്രമിക്കുക. ദീര്‍ഘദൂര റൈഡിന് ശേഷം ഉടന്‍ ചാര്‍ജ് ചെയ്യുന്നതിന് പകരം, ബാറ്ററി കുറച്ചുനേരം തണുത്ത ശേഷം മാത്രം ചാര്‍ജ് ചെയ്യുക.

3. ഫാസ്റ്റ് ചാര്‍ജിംഗ് ശ്രദ്ധയോടെ മാത്രം

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഒരു അനുഗ്രഹമാണ്. എന്നാല്‍ സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസു കുറയ്ക്കും. കാരണം, ഫാസ്റ്റ് ചാര്‍ജറുകള്‍ ബാറ്ററിയില്‍ ചൂട് വര്‍ധിപ്പിക്കുകയും അത് സെല്ലുകളുടെ രാസപരമായ തകര്‍ച്ചയ്ക്ക് (Chemical Degradation) കാരണമാകുകയും ചെയ്യും. അതുകൊണ്ട്, കൂടുതല്‍ സമയവും സാധാരണ ചാര്‍ജര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

4. ഒറിജിനല്‍ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക

വാഹനം നിര്‍മ്മിച്ച കമ്പനി (OEM) നല്‍കിയ ഒറിജിനല്‍ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. വില കുറഞ്ഞ 'ആഫ്റ്റര്‍ മാര്‍ക്കറ്റ്' (Aftermarket) ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് ബാറ്ററി ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ഒറിജിനല്‍ ചാര്‍ജറുകള്‍ വാഹനത്തിലെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവുമായി (BMS) കൃത്യമായി ക്രമീകരിച്ചിട്ടുള്ളതാണ്.

5. ശാന്തമായി വാഹനം ഓടിക്കുക

നിങ്ങള്‍ വാഹനം ഓടിക്കുന്ന രീതിയും ബാറ്ററി ലൈഫിനെ സ്വാധീനിക്കുന്നുണ്ട്. പെട്ടെന്നുള്ള ആക്‌സിലറേഷന്‍, തുടര്‍ച്ചയായ ഉയര്‍ന്ന വേഗതയിലുള്ള ഓട്ടം, അഗ്രസ്സീവായ 'റീജനറേറ്റീവ് ബ്രേക്കിംഗ്' സെറ്റിംഗുകള്‍ എന്നിവ ബാറ്ററി പാക്കില്‍ സമ്മര്‍ദ്ദമുണ്ടാക്കും. അതുകൊണ്ട്, ആക്‌സിലറേറ്ററില്‍ പതിയെ നിയന്ത്രണം നല്‍കി, ശാന്തമായും ഒഴുക്കോടെയും വാഹനം ഓടിക്കാന്‍ ശ്രമിക്കുക.

ഈ ലളിതമായ ശീലങ്ങള്‍ നിങ്ങളുടെ ഇ-സ്‌കൂട്ടറിന് കൂടുതല്‍ റേഞ്ച് നല്‍കാനും ബാറ്ററി മാറ്റിസ്ഥാപിക്കാനുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനും സന്തോഷകരമായ ഒരു ഇവി ഉടമസ്ഥാവകാശ അനുഭവം നേടാനും സഹായിക്കും.

Five effective tips to extend the battery life of electric scooters and improve overall EV performance.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com