കാര്‍ വിപണിയില്‍ പുലി മാരുതി സുസുക്കി തന്നെ; കഴിഞ്ഞവര്‍ഷത്തെ ടോപ് 10ല്‍ ഏഴും മാരുതിക്കുട്ടികള്‍

എതിരാളികള്‍ അനവധിയുണ്ടെങ്കിലും ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഒരേയൊരു രാജാവായി വാഴുന്നത് മാരുതി സുസുക്കി തന്നെ. 2023ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാന്‍ഡെന്ന പട്ടം മാരുതി നിലനിറുത്തി.

കഴിഞ്ഞവര്‍ഷം പുതുതായി നിരത്തിലെത്തിയ ടോപ് 10 കാറുകളില്‍ ഏഴും മാരുതി സുസുക്കിയുടെ മോഡലുകളാണ്. രണ്ട് മോഡലുകളുമായി ടാറ്റാ മോട്ടോഴ്‌സ് മത്സരം കൊഴുപ്പിച്ചു. ആദ്യപത്തില്‍ ഹ്യുണ്ടായിയുടെ ഒരു മോഡല്‍ ഇടംപിടിച്ചു. ടോപ് 10ല്‍ ഇവയല്ലാതെ വേറെ കമ്പനികള്‍ക്കൊന്നും ഇടംപിടിക്കാനായില്ല.
സ്വിഫ്റ്റാണ് താരം
2023ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം വാങ്ങിയ കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റാണ്. 2022ലെ 1.76 ലക്ഷത്തില്‍ നിന്ന് 2.03 ലക്ഷം എണ്ണമായാണ് വില്‍പന കൂടിയത്. 15 ശതമാനമാണ് വളര്‍ച്ച. മാരുതി വാഗണ്‍ആര്‍ 2.01 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി രണ്ടാംസ്ഥാനം നേടി. 2022ലെ 2.17 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് പക്ഷേ, വാഗണ്‍ആറിന്റെ വില്‍പന കഴിഞ്ഞവര്‍ഷം 7 ശതമാനം താഴുകയുണ്ടായത്.
2023ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ 20 കാറുകൾ

ബലേനോ (1.93 ലക്ഷം), വിറ്റാര ബ്രെസ (1.70 ലക്ഷം) എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. വിറ്റാര ബ്രെസ കഴിഞ്ഞവര്‍ഷം 31 ശതമാനം വില്‍പന വളര്‍ച്ച നേടി.
ടാറ്റാ മോട്ടോഴ്‌സിന്റെ നെക്‌സോണ്‍ ആണ് 5-ാം സ്ഥാനത്ത്. 1.70 ലക്ഷം പേരെയാണ് 2023ല്‍ പുതുതായി നെക്‌സോണ്‍ സ്വന്തമാക്കിയത്. മാരുതിയുടെ ഡിസയര്‍ (1.57 ലക്ഷം), ഹ്യുണ്ടായിയുടെ ക്രെറ്റ (1.57 ലക്ഷം), ടാറ്റാ പഞ്ച് (1.50 ലക്ഷം) എന്നിവയാണ് യഥാക്രമം 6 മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലുള്ളത്.
ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 12 ശതമാനവും ടാറ്റാ പഞ്ചിന് 16 ശതമാനവും വില്‍പന നേട്ടം കഴിഞ്ഞവര്‍ഷം കുറിക്കാനായി. മാരുതി സുസുക്കി ഈക്കോയാണ് 9-ാം സ്ഥാനത്ത്. വിറ്റഴിഞ്ഞത് 1.36 ലക്ഷം യൂണിറ്റുകള്‍. മാരുതി എര്‍ട്ടിഗയുടെ വില്‍പന മൂന്ന് ശതമാനം കുറഞ്ഞ് 1.29 ലക്ഷമായെങ്കിലും 10-ാം സ്ഥാനം ലഭിച്ചു.
മറ്റ് കമ്പനികളുടെ പ്രകടനം
2023ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനങ്ങളും കൈയടക്കിയത് മാരുതി, ടാറ്റ, ഹ്യുണ്ടായ് എന്നിവയാണ്. ഇതില്‍ എട്ടും മാരുതിയുടെ മോഡലുകളാണ്. ടാറ്റയുടെയും ഹ്യുണ്ടായിയുടെയും രണ്ടുവീതം മോഡലുകള്‍ ആദ്യ 12 എണ്ണത്തിലുണ്ട്. 11-ാം സ്ഥാനത്തുള്ളത് ഹ്യുണ്ടായ് വെന്യൂ (1.29 ലക്ഷം) ആണ്. 12-ാമത് മാരുതി ഓള്‍ട്ടോയും (1.24 ലക്ഷം).
മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം കൈയടക്കിയിരുന്ന മാരുതി ഓള്‍ട്ടോ, എസ്.യു.വികള്‍ക്ക് പ്രിയമേറിയതോടെയാണ് പിന്നാക്കം പോയത്.
പട്ടികയില്‍ 13-ാം സ്ഥാനത്ത് മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോയുണ്ട്. 1.21 ലക്ഷം ഉപഭോക്താക്കളെയാണ് സ്‌കോര്‍പ്പിയോ 2023ല്‍ പുതുതായി നേടിയത്. മഹീന്ദ്ര ബൊലേറെ 15-ാം സ്ഥാനവും കിയ സെല്‍റ്റോസ് 16-ാം സ്ഥാനവും ടാറ്റാ ടിയാഗോ 17-ാം സ്ഥാനവും നേടിയപ്പോള്‍ 18-ാം സ്ഥാനത്തുള്ളത് മാരുതിയുടെ പുത്തന്‍ മോഡലായ ഫ്രോന്‍ക്‌സാണ്. ഹ്യുണ്ടായ് ഐ20 എലൈറ്റ് 19-ാം സ്ഥാനവും ഐ10 ഗ്രാന്‍ഡ് 20-ാം സ്ഥാനവും സ്വന്തമാക്കി.
ആദ്യ 20 പരിഗണിച്ചാല്‍ 2023ല്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയത് മാരുതി ഗ്രാന്‍ഡ് വിറ്റാരയാണ്; 384 ശതമാനം. 2022ലെ 23,425ല്‍ നിന്നാണ് കഴിഞ്ഞവര്‍ഷം ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പന 1.13 ലക്ഷത്തിലെത്തിയത്. മഹീന്ദ്ര സ്‌കോര്‍പ്പിയോ 89 ശതമാനവും ടാറ്റാ ടിയാഗോ 40 ശതമാനവും വില്‍പന വളര്‍ച്ച നേടി.
വെല്ലുവിളികളുടെ വിപണി
കൊവിഡാനന്തരമുണ്ടായ സെമികണ്ടക്ടര്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, ഉയര്‍ന്ന പണപ്പെരുപ്പവും പലിശഭാരവും തുടങ്ങി നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് 2023ല്‍ ഇന്ത്യന്‍ വാഹനവിപണി ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടും വിധം മികച്ച വളര്‍ച്ച കൈവരിച്ചത്.
2023ല്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ കാറുകളുടെ എണ്ണം 40 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. 2022ലെ മൊത്തം വില്‍പന 37.9 ലക്ഷമായിരുന്നെങ്കില്‍ 2023ല്‍ അത് 41 ലക്ഷത്തിലെത്തിയെന്നാണ് വിപണിയുടെ കണക്ക്.
നിരവധി പുത്തന്‍ മോഡലുകളുടെ ലോഞ്ചിംഗ്, ആധ്യാധുനിക ഫീച്ചറുകള്‍, സെമികണ്ടക്ടര്‍ ക്ഷാമം വിട്ടൊഴിയുകയും ഉത്പാദനം കൂടുകയും ചെയ്തത് വഴി വിതരണശൃംഖല മെച്ചപ്പെട്ടത്, മികച്ച റോഡുകളടക്കം അടിസ്ഥാന സൗകര്യങ്ങളിലെ ഉണര്‍വ് എന്നിങ്ങനെ നിരവധി കാരണങ്ങളുടെ ബലത്തിലായിരുന്നു വിപണിയുടെ ഈ നേട്ടം.


(Compiled by DhanamOnline / Source: autopunditz.com)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it