വാര്‍ത്ത തെറ്റ്! ഒലയും ഊബറും ഒരിക്കലും ലയിക്കില്ലെന്ന് ഭവിഷ് അഗര്‍വാള്‍

ഒലയും ഊബറും ലയിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഭവിഷ് അഗര്‍വാള്‍. പ്രമുഖ റൈഡ് ഹയറിംഗ് പ്ലാറ്റ്‌ഫോമുകളായ ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ഒല സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. കമ്പനി ലാഭത്തിലാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭവിഷ് ട്വീറ്റ് ചെയ്തു.

ഒല ചീഫ് എക്‌സിക്യൂട്ടീവ് ഭവിഷ് അഗര്‍വാള്‍ യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഉന്നത ഊബര്‍ എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയതായായിരുന്നു പലരും റിപ്പോര്‍ട്ട് ചെയ്തത്. ഞങ്ങള്‍ ലാഭത്തിലും വളര്‍ച്ചയിലുമാണ്. മറ്റ് ചില കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് സ്വാഗതം. ഞങ്ങള്‍ ഒരിക്കലും ലയിക്കില്ലെന്നും ഭാഷിഷ് ട്വീറ്റ് ചെയ്തു. ഞങ്ങള്‍ ഒലയുമായി ലയന ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ഊബര്‍ കമ്പനിയും പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്തയുണ്ട്.


2020 ജനുവരിയില്‍ ഊബര്‍ തങ്ങളുടെ പ്രാദേശിക ഫുഡ് ഡെലിവറി ബിസിനസായ ഊബര്‍ ഈറ്റ്സ് സോമാറ്റോ ലിമിറ്റഡിന് വിറ്റിരുന്നു. അതേസമയം ഒല അതിന്റെ ഗ്രോസറി ഡെലിവറി ബിസിനസ് നിര്‍ത്തലാക്കുകയും ചെയ്തു. ഇലക്ട്രിക് വാഹന സംരംഭമായ ഒല ഇലക്ട്രിക് മൊബിലിറ്റിയില്‍ വലിയ നിക്ഷേപമിറക്കി ഇലക്ട്രിക് വാഹന രംഗത്ത് പച്ചപിടിക്കാനുള്ള ശ്രമങ്ങളിലാണ് ഒല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it