Begin typing your search above and press return to search.
മഹാരാഷ്ട്രയില്‍ 1000 കോടിയുടെ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഏതര്‍
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏതര്‍ എനര്‍ജി തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് മഹാരാഷ്ട്രയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഔറംഗാബാദില്‍ സ്ഥാപിക്കുന്ന പ്ലാന്റിന് ഒരു വര്‍ഷം 10 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടാവും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
ഔറംഗാബാദ് ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലെ നൂറേക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഘട്ടങ്ങളിലായി 1000 കോടിയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഏതറിന്റെ രണ്ട് പ്ലാന്റുകള്‍ നിലവില്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്ലാന്റുകളില്‍ നിന്ന് പ്രതിവര്‍ഷം 4,20,000 ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങള്‍ പരിഗണിച്ച ശേഷമാണ് ഏതര്‍ മഹാരാഷ്ട്രയിലെത്തിയത്. സ്‌കോഡയ്ക്കും ബജാജിനും പ്ലാന്റുകളുള്ള ഔറംഗാബാദ് വാഹന നിര്‍മാണത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. മറ്റ് പ്രധാന കമ്പനികളായ ടി.വി.എസിന് ഹൊസൂറിലും ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിക്ക് റാണിപേട്ടിലും ഇലക്ട്രിക്ക് ഇരുചക്രവാഹന നിര്‍മാണ പ്ലാന്റുകളുണ്ട്.
ഓഹരി വിപണിയിലേക്കും
ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന (IPO) ഏതറിന് കരുത്ത് പകരുന്നതാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തല്‍. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് അനുമതി തേടി ഉടന്‍ തന്നെ ഏതര്‍ സെബിയെ സമീപിക്കും. അതിന് മുമ്പ് 1000 കോടി രൂപ സമാഹരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ എത്ര രൂപയാണ് ഏതര്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ 400 മുതല്‍ 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇന്ത്യയിലെ നാലാമത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളാണ് ഏതര്‍. 2023-24 വര്‍ഷത്തില്‍ 1,08,000 യൂണിറ്റുകള്‍ വിറ്റ കമ്പനി പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയിലെത്തുന്നതോടെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos