ലോറികളില്‍ ഈ ദിവസം മുതല്‍ എ.സി ക്യാബിന്‍ നിര്‍ബന്ധം, അപകടം കുറയ്ക്കുക ലക്ഷ്യം

ട്രക്കുകള്‍ക്ക് എയര്‍ കണ്ടീഷന്‍ഡ് ക്യാബിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം. 2025 ഒക്ടോബര്‍ ഒന്നിനോ അതിനു ശേഷമോ നിര്‍മ്മിക്കുന്ന എല്ലാ പുതിയ ട്രക്കുകളിലും (N2 and N3 category-commercial) ഡ്രൈവര്‍മാര്‍ക്കുള്ള എയര്‍ കണ്ടീഷന്‍ഡ് (AC) ക്യാബിനുകള്‍ ഉണ്ടായിരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

ട്രക്കുകളുടെ വില കൂടും

എയര്‍ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ച ക്യാബിന്റെ പരിശോധന എയര്‍ കണ്ടീഷനിംഗിന്റെ താപ പ്രകടനം അളക്കുന്ന രീതിയായ IS14618:2022 പ്രകാരമായിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എയര്‍ കണ്ടീഷനിംഗ് സംവിധാനം ട്രക്കുകളുടെ ക്യാബിനുകളില്‍ നിര്‍ബന്ധമാക്കുന്ന ഈ നിര്‍ദ്ദേശം ടാറ്റ, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര തുടങ്ങിയ ട്രക്ക് നിര്‍മ്മാതാക്കളെ അധിക ഉത്പാദനച്ചെലവിലേക്ക് നയിക്കും. ഫലത്തില്‍, പുതിയ ട്രക്കുകളുടെ വില കൂട്ടാനും ഇവ നിര്‍ബന്ധിതരാകും.

എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനം അംഗീകരിച്ചതായി ജൂലൈയില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ ഗതാഗത മേഖലയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

കടുത്ത ചൂടില്‍ മണിക്കൂറുകളോളം വാഹനം ഓടിക്കേണ്ടി വരുന്നത് ഡ്രൈവര്‍ തളര്‍ന്ന് വീഴുന്നതിനും അപകടങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രക്കുകള്‍ക്ക് എയര്‍ കണ്ടീഷന്‍ഡ് ക്യാബിനുകള്‍ കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചത്.



Related Articles
Next Story
Videos
Share it