2026 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക്കാകും, ഔഡിയുടെ പ്രഖ്യാപനം ഇങ്ങനെ

മെഴ്സിഡീസ് ബെന്‍സ്, വോള്‍വോ, ജാഗ്വാര്‍ തുടങ്ങിയ ആഡംബര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക്കിലേക്കുള്ള പൂര്‍ണമായ മാറ്റം വ്യക്തമാക്കിയതിന് പിന്നാലെ ഔഡിയുടെ പ്രഖ്യാപനം. 2026 ഓടെ എല്ലാ മോഡലുകളും പൂര്‍ണമായും ഇലക്ട്രിക്കാക്കി മാറ്റുമെന്ന് വാഹന നിര്‍മാതാക്കള്‍ പറഞ്ഞു. എന്നിരുന്നാലും കമ്പസ്റ്റന്‍ എഞ്ചിന്‍ വാഹനങ്ങളുടെ നിര്‍മാണം 2033 വരെ തുടരും. ഘട്ടം ഘട്ടമായി കമ്പസ്റ്റന്‍ എഞ്ചിന്‍ മോഡലുകളുടെ എണ്ണം കുറച്ച് 2033 ഓടെ ഐസി വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 2033 ഓടെ ആഗോലതലത്തിലെ തന്നെ പ്രധാന ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഔഡിയുടെ പുതിയ 'വോര്‍സ്പ്രംഗ് 2030' പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക്കിലേക്കുള്ള മാറ്റം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി മാനേജ്‌മെന്റ് ബ്രാന്‍ഡിനെ പുതിയ ദിശയിലേക്ക് എത്തിക്കുന്നതിനായി തയാറെടുപ്പുകള്‍ നടത്തിവരികയാണ്. ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്പ്പിന് പുറമെ 'കാറുകളുടെ ഡിഎന്‍എ' പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്യാനും ഔഡി ലക്ഷ്യമിടുന്നു.
'വോര്‍സ്പ്രംഗ് 2030' പദ്ധതിയില്‍ കരിയാഡ് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ സോഫ്റ്റ്വെയര്‍ വിഭാഗമാണ് കരിയാഡ്. 2025 ഓടെ എല്ലാ ഫോക്‌സ്വാഗണ്‍ ബ്രാന്‍ഡുകള്‍ക്കും ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ക്ലൗഡ് സിസ്റ്റവും ഉള്ള സോഫ്‌റ്റ്വെയര്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2025 ആകുമ്പോഴേക്കും അതിന്റെ അഞ്ച് നിര്‍മ്മാണ കേന്ദ്രങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കുമെന്ന് ഔഡി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ഓടെ 30 ഇലക്ട്രിക്ക് മോഡലുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കാനാണ് ഔഡിയുടെ ശ്രമം. നിലവില്‍ ഇന്ത്യയില്‍ ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളാണ് ഔഡി പുറത്തിറക്കിയിട്ടുള്ളത്.



Related Articles
Next Story
Videos
Share it