ഗോവയില്‍ അടുത്ത വർഷം മുതൽ ടൂറിസ്റ്റ് വണ്ടികളെല്ലാം വൈദ്യുതിയിലോടും

ഗോവയില്‍ അടുത്ത വര്‍ഷം മുതല്‍ പുതുതായി നിരത്തിലിറങ്ങുന്ന എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും വൈദ്യുത വാഹനങ്ങള്‍. നീതി ആയോഗിന്റെ നേതൃത്വത്തില്‍ പനാജിയില്‍ നടക്കുന്ന എനര്‍ജി ട്രാന്‍സിഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പ്രഖ്യാപനം നടത്തിയത്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ പരിഷ്‌കാരങ്ങളാണ് തീരദേശ സംസ്ഥാനമായ ഗോവ നടത്തുന്നത്. നിലവില്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തില്‍ സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് ഗോവ.

30 ശതമാനവും വൈദ്യുത വാഹനങ്ങള്‍
2024 ജനുവരി മുതല്‍ സര്‍ക്കാര്‍ വാങ്ങുന്നതും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും. വാടകയ്ക്ക് ബൈക്കുകള്‍, കാബുകള്‍ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ 2024 ജൂണോടെ മൊത്തം വാഹനങ്ങളുടെ 30 ശതമാനം വൈദ്യുത വാഹനങ്ങളാക്കണമെന്ന നിയമം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹന ഉടമസ്ഥരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ 4.5 മടങ്ങ് അധികമാണ് ഗോവയില്‍. വാഹന സാന്ദ്രതയില്‍ ലോകത്തില്‍ 15-ാം സ്ഥാനത്താണ് ഗോവ. മൊത്തം ജനസംഖ്യ 15 ലക്ഷം മാത്രമാണെങ്കിലും പ്രതിവര്‍ഷം ഗോവ സന്ദര്‍ശിക്കുന്നത് 85 ലക്ഷം സഞ്ചാരികളാണ്. അതുകൊണ്ടുതന്നെ കാര്‍ബണ്‍ പുറന്തള്ളലിലും ഗോവ മുന്നിലാണ്.
സാമ്പത്തിക സഹായം
വൈദ്യുതവാഹനങ്ങള്‍ക്ക് സാമ്പത്തിക സഹായവും ഗോവന്‍ സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. 1,679 ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 12.2 കോടി രൂപയാണ് ചെലവഴിച്ചത്. പദ്ധതി അവതരിപ്പിച്ചതു വഴി ഇലക്ട്രിക് വാഹന വില്‍പ്പന 0.2 ശതമാനത്തില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 9.4 ശതമാനമായി ഉയര്‍ന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it