നമുക്കിനി ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ കണ്ടുമുട്ടാം, മസ്‌കിനെ ഇന്ത്യയിലെത്തിച്ചത് ആനന്ദ് മഹീന്ദ്രയുടെ 2017ലെ ട്വീറ്റോ? വാഹന ലോകത്ത് ചൂടന്‍ ചര്‍ച്ച

ആദ്യഘട്ടത്തില്‍ ടെസ്‌ലയുടെ മോഡല്‍ 3 ഇന്ത്യയിലെത്തിക്കാനും രാജ്യമാകെ അതിവേഗ ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനുമായിരുന്നു ഇലോണ്‍ മസ്‌കിന്റെ പദ്ധതി
Elon musk And Anand Mahindra Meeting in a ev charging station, ai generated image
AI Generated Image Using ChatGPTChatGpt
Published on

ഇന്ത്യന്‍ വിപണിയിലെത്തിയ ടെസ്‌ല മോട്ടോഴ്‌സിനെ സ്വാഗതം ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കുമായി ട്വിറ്ററില്‍ (ഇപ്പോഴത്തെ എക്‌സ്) 2017ല്‍ നടത്തിയ സംഭാഷണം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

2030 എത്തുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂ എന്നും ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വിപണിയാണ് ഇന്ത്യയെന്നുമാണ് 2017ലെ പോസ്റ്റില്‍ മസ്‌ക് പറയുന്നത്. ഇതിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി ഇങ്ങനെ ' ഇന്ത്യയിലേക്ക് വരാന്‍ സമയമായി ഇലോണ്‍. എല്ലാ വിപണിയും മഹീന്ദ്രക്ക് വേണ്ടി മാറ്റിവെക്കാന്‍ നിങ്ങള്‍ ഒരുക്കമല്ലെന്ന് അറിയാം''. നല്ലൊരു ആശയമാണ് ഇതെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ മറുപടി.

ചാര്‍ജിംഗ് സ്റ്റേഷനില്‍ കാണാം

കഴിഞ്ഞ ദിവസം മുംബൈയിലെ ഷോറൂം ഉദ്ഘാടനത്തിനും ആദ്യ വാഹനമായ മോഡല്‍ വൈയുടെ ലോഞ്ചിനും ശേഷം ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ആനന്ദ് മഹീന്ദ്ര വീണ്ടുമെത്തി. ഇലോണ്‍ മസ്‌കിനും ടെസ്‌ലക്കും ഇന്ത്യയിലേക്ക് സ്വാഗതമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇ.വി വിപണിയെ കൂടുതല്‍ ആവേശത്തിലാക്കുന്ന നടപടിയാണിത്. ഇനി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ കണ്ടുമുട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്‌ലയെ ഇന്ത്യയിലെത്തിച്ച് ആ ട്വീറ്റോ

ആനന്ദ് മഹീന്ദ്രയുടെ എക്‌സിലെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ച സജീവമാണ്. ടെസ്‌ലയെ ഇന്ത്യയിലെത്തിച്ചത് 2017ല്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണോയെന്നാണ് ചിലര്‍ സംശയം ഉന്നയിക്കുന്നത്. എന്നാല്‍ 2016ലാണ് ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന സൂചന ആദ്യമായി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ടെസ്‌ലയുടെ മോഡല്‍ 3 ഇന്ത്യയിലെത്തിക്കാനും രാജ്യമാകെ അതിവേഗ ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മോഡല്‍ 3ക്ക് വേണ്ടി ബുക്കിംഗും തുടങ്ങി. അടുത്തിടെയാണ് ഉപയോക്താക്കള്‍ക്ക് ഈ പണം റീഫണ്ട് നല്‍കിയത്. തുടക്കത്തില്‍ ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് തുടങ്ങാനും പദ്ധതിയിട്ടെങ്കിലും തത്കാലം അങ്ങനെയൊരു പ്ലാന്‍ ഇല്ലെന്നാണ് മസ്‌കിന്റെ ഇപ്പോഴത്തെ നിലപാട്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

ടെസ്‌ല വിയര്‍ക്കും

വാഹന വിലയെക്കുറിച്ച് ചിന്തിക്കുന്ന ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ടെസ്‌ലക്ക് കാറുകള്‍ വില്‍ക്കാന്‍ വലിയ പ്രയാസം നേരിടുമെന്നാണ് ചിലര്‍ പറയുന്നത്. 35-55 ലക്ഷം രൂപ വരെ വില വരുന്ന ടൊയോട്ട ഫോര്‍ച്യൂണറുകള്‍ കഴിഞ്ഞ വര്‍ഷം 29,000 യൂണിറ്റുകളാണ് വിറ്റതെന്നും അങ്ങനെയുള്ളപ്പോള്‍ 60 ലക്ഷം രൂപ വിലയുള്ള ടെസ്‌ല കാറുകള്‍ ആര് വാങ്ങുമെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ടെസ്‌ലക്ക് കഴിയില്ലെന്നും ചില സമ്പന്നര്‍ മാത്രമേ ടെസ്‌ല കാറുകള്‍ വാങ്ങുകയുള്ളൂ എന്നും ചിലര്‍ പറയുന്നു.

ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി

എന്നാല്‍ മറ്റ് ചിലരാകട്ടെ ടെസ്‌ലയുടെ സാങ്കേതിക വിദ്യ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി തീര്‍ക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. കേവലം ഇ.വികള്‍ മാത്രം വില്‍ക്കുന്ന കമ്പനിയല്ല ടെസ്‌ല. വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ച് ട്രെയിന്‍ ചെയ്ത എക്‌സ് എ.ഐ (xAI) കൂടി ഇവി സാങ്കേതിക വിദ്യക്കൊപ്പം ടെസ്‌ല ചേര്‍ക്കുമെന്ന് ഉറപ്പാണ്. തദ്ദേശീയമായ എ.ഐ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നും ഇവര്‍ പറയുന്നു. യു.എസില്‍ 32 ലക്ഷം രൂപ വില വരുന്ന ടെസ്‌ല മോഡല്‍ വൈ 29 ലക്ഷം രൂപ നികുതിയടച്ച് വാങ്ങുന്നവരുടെ സംഭാവന വിലകുറച്ച് കാണരുതെന്നാണ് മറ്റ് ചില വിരുതന്മാരുടെ കമന്റ്. 58.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന മോഡല്‍ വൈ നിരത്തിലിറങ്ങുമ്പോള്‍ മുംബൈയില്‍ 74.05 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് കണക്ക്.

Anand Mahindra welcomes Tesla's entry into India, sharing a 2017 post with Elon Musk. "See you at the charging station," he says, embracing healthy competition.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com