ജൂണില്‍ നിരത്തിലെത്താന്‍ ആറ് പുത്തന്‍ മോഡലുകള്‍

പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഈ മാസം പുതിയ താരങ്ങളുടെ കുത്തൊഴുക്കാണ്. മാരുതി സുസുക്കിയുടെ ജിംനി മുതല്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ എ.എം.ജി എസ്.എല്‍ 55 വരെ നിരവധി മോഡലുകളാണ് ഈ മാസം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി(എസ്.യു.വി) വിഭാഗത്തിലുള്ള വാഹനങ്ങളാണ് ഈ മാസം പുറത്തിറങ്ങുന്നതില്‍ അധികവും. പുതിയ താരങ്ങളും അവയുടെ പ്രത്യേകതകളും നോക്കാം.

മാരുതി സുസുക്കി ജിംനി

ഇന്ത്യന്‍ വാഹനവിപണി ഏറെ നാളായി കാത്തിരിക്കുന്ന മോഡലാണ് മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny). കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഈ വാഹനം പ്രദര്‍ശിപ്പിച്ചത്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാണ് ജിംനി എത്തുന്നത്.103 ബി.എച്ച്.പി പവറും 134.2 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിന്റെ കരുത്ത്. മാനുവല്‍ ട്രാന്‍സ്മിഷനുള്ള മോഡലിന് 16.94 കിലോമീറ്റര്‍ മൈലേജ് കമ്പനി അവകാശപ്പെടുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനം ലഭിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്റെ മൈലേജ് 16.39 കിലോമീറ്ററാണ്. മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂര്‍ഖയ്ക്കും എതിരാളിയായാണ് ജിംനിയുടെ വരവ്. ഇതിനകം തന്നെ ബുക്കിംഗ് 30,000 കടന്നു. ജൂണ്‍ ആദ്യം വിപണിയിലെത്തും. പ്രതീക്ഷിക്കുന്ന വില 10-12 ലക്ഷം.

ഹോണ്ട എലിവേറ്റ്

ജാപ്പനീസ് കാര്‍നിര്‍മാതാക്കളായ ഹോണ്ട പുറത്തിറക്കുന്ന എസ്.യു.വിയാണ് എലിവേറ്റ്. അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റ് രൂപ കല്‍പ്പന ചെയ്യുന്നത്. 1.5 ലിറ്റര്‍ 4 സിലണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 120 ബി.എ.ച്ച്.പി കരുത്തും 145 എന്‍.എം.ടോര്‍ക്കുമാണുണ്ടാകുക. കമ്പനിയുടെ ജനപ്രിയ മോഡലായ സിറ്റിയില്‍ ഉപയോഗിച്ചിരിക്കുന്ന എന്‍ജിനാണിത്. കിയ സെല്‍റ്റോസിനും ഹ്യുണ്ടായ് ക്രെറ്റയ്ക്കും എതിരാളിയായാണ് എലിവേറ്റിന്റെ വരവ്. പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് വാഹനം അവതരിപ്പിക്കും. നിരത്തിലെത്താന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. 12 ലക്ഷം രൂപ മുതലാണ് പ്രതീക്ഷിക്കുന്ന വില.

മെഴ്‌സിഡീസ് -എ.എം.ജി എസ്.എല്‍ 55 റോഡ്‌സ്റ്റര്‍

രണ്ട് ഡോറുകളുള്ള സ്‌പോര്‍ട്‌സ് കാറാണ് എ.എം.ജി എസ്.എല്‍ 55 റോഡ്‌സ്റ്റര്‍. മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്.എല്‍.സീരീസിലെ ഏഴാം തലമുറ വാഹനമാണിത്. 12 വര്‍ഷത്തിനു ശേഷമാണ് ബെന്‍സിന്റെ എസ്.എല്‍ സീരീസ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. 4.0 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. ഇത് 478 എച്ച്.പി കരുത്തും 700 എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള എന്‍ജിന്‍ ഫോര്‍മാറ്റിക് ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഉറപ്പു നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗതയിലെത്താന്‍ വാഹനത്തിന് 3.9 സെക്കന്‍ഡ് മതി. ജൂണ്‍ 22 ന് വാഹനം അവതരിപ്പിക്കും. ഒരു കോടി രൂപയ്ക്കു മുകളിലാണ് വില പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ് എക്‌സ്റ്റെര്‍

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് എക്‌സ്‌റ്റെര്‍. നിലവിലെ ഹ്യുണ്ടായ് വാഹനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഡിസൈനിലാണ് എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്‌. ഇതിലെ 1.2 ലിറ്റര്‍ നാച്വറല്‍ പെട്രോള്‍ എന്‍ജിന്‍ 82 ബി.എച്ച്.പി.പി കരുത്തും 113.8 എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യും. 5 സ്പീഡ് മാനുവല്‍, എ.എം.ടി ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ ഇതിലുണ്ടാകും. സി.എന്‍.ജി മോഡലും ലഭ്യമാകുമെന്നാണ് അറിയുന്നത്. ടാറ്റ പഞ്ച് അടക്കമുള്ള എസ്.യു.വികളുമായാണ് എക്‌സ്റ്റെര്‍ മത്സരിക്കുന്നത്. ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുള്ള വാഹനം ഈ മാസം നിരത്തിലെത്തും. 6-10ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

സിട്രോണ്‍ സി3 എയര്‍ക്രോസ്

വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ സിട്രോണിന്റെ സി3 എയര്‍ക്രോസ്. കരുത്തുറ്റ എന്‍ജിന്‍, വ്യത്യസ്തമായ സീറ്റിംഗ് ഓപ്ഷനുകള്‍, വേറിട്ട ഡിസൈന്‍ ഒക്കെ വാഹനത്തെ പ്രിയങ്കരമാക്കുന്നു. സിട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണിത്. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 110 എച്ച്.പി കരുത്തും 190 എന്‍.എം ടോര്‍ക്കുമാണുള്ളത്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ഇതിന്റെ ഇലക്ട്രിക് മോഡലും പിന്നീട് പുറത്തിറക്കും 9 ലക്ഷം രൂപ മുതലാണ് പ്രതീക്ഷിക്കുന്ന വില.

മെഴ്‌സിഡീസ് ബെന്‍സ് ഇ.ക്യു.എസ് എസ്.യു.വി

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ബെന്‍സ് ഇ.ക്യു.എസ് എസ്.യു.വിയും ഈ മാസം നിരത്തിലെത്തുമെന്നാണ് കരുതുന്നത്. കമ്പനി പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് മോഡലാണിത്. രണ്ടു കോടി രൂപയ്ക്ക് മുകളിലാണ് വില പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 660 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്. 536 ബി.എച്ച്.പി കരുത്തും 858 എന്‍.എം ടോര്‍ക്കുമാണ് വാഹനത്തിനുള്ളത്.

Related Articles

Next Story

Videos

Share it