ഏഥറിന്റെ 'ഫാമിലി സ്‌കൂട്ടര്‍' എത്തി; വിലയിലും സൗകര്യങ്ങളിലും അടിമുടി വിസ്മയം, ഗ്യാസ് സിലിണ്ടറും കൊണ്ടുപോകാം

യുവാക്കളുടെ ഇഷ്ട ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഏഥര്‍ ഏറ്റവും പുതിയ ഇ-സ്‌കൂട്ടര്‍ 'റിസ്ത' (rizta) പുറത്തിറക്കി. മാര്‍ച്ച് 29ന് ഓണ്‍ലൈനായി 999 രൂപയ്ക്ക് ബുക്കിംഗ് തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗികമായി കമ്പനി ഈ മോഡല്‍ അവതരിപ്പിച്ചിരുന്നില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രേമികളുടെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കിയാണ് കമ്പനി റിസ്ത പുറത്തിറക്കിയിരിക്കുന്നത്.
ഏവരെയും ആകര്‍ഷിക്കുന്ന 1.10 ലക്ഷം രൂപയിലാണ് വിലകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ബുക്ക് ചെയ്തവര്‍ക്കാകും ഈ വിലയില്‍ ലഭിക്കുക. റിസ്ത എക്‌സ്, റിസ്ത എസ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പരമാവധി വില 1.44 ലക്ഷം രൂപയാണ്. പ്രധാനമായും കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ മോഡലുമായി എത്തിയിരിക്കുന്നത്.
Image: Atherenergy

സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ കൂടുതലും കുടുംബത്തിലേക്ക് ആവശ്യമായ പര്‍ച്ചേസിംഗിന് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവില്‍ തന്നെയാണ് ഏഥര്‍ പുതിയ മോഡല്‍ രൂപകല്പന ചെയ്തിരിക്കുന്നത്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ആവശ്യത്തിന് സ്ഥലം നല്‍കിയതിലൂടെ മധ്യവയസ്‌കരായ ഉപയോക്താക്കളെയും ആകര്‍ഷിക്കാന്‍ റിസ്തയ്ക്ക് സാധിക്കും.

ഒരൊറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 80 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാനും റിസ്തയ്ക്ക് സാധിക്കും. സിപ്, സ്മാര്‍ട്ട്എക്കോ എന്നീ രണ്ട് റൈഡ് മോഡുകള്‍ റിസ്തയിലുണ്ട്. മാജിക് ട്വിസ്റ്റ്ടിഎം, ഓട്ടോ ഹോള്‍ഡ്ടിഎം, റിവേഴ്‌സ് മോഡ് എന്നീ റൈഡ് അസിസ്റ്റ് ഫീച്ചറുകളും കമ്പനി ഒരുക്കിയിരിക്കുന്നു.
സ്ഥലസൗകര്യമാണ് മുഖ്യം
റിസ്തയുടെ പ്രധാന പ്രത്യേകത ആവശ്യത്തിലധികം സ്‌പേസ് ഉണ്ടെന്നതാണ്. സീറ്റിനടിയിലുള്ള സ്റ്റോറേജിലും ബോര്‍ഡിലും ഈ ധാരാളിത്തം കണ്ടനുഭവിക്കാം. സീറ്റിനടിയില്‍ 34 ലിറ്ററാണ് സ്റ്റോറേജ് കപ്പാസിറ്റി. മികച്ച വലുപ്പമേറിയ സീറ്റാണ് റിസ്തയുടെ മറ്റൊരു പ്രത്യേകത. രണ്ടുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ഡിസൈന്‍.
Image :Atherenergey

ഗ്യാസ് സിലിണ്ടര്‍ പോലും അനായാസം കൊണ്ടുപോകാവുന്ന തരത്തിലുള്ള സൗകര്യമാണ് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. ശരാശരി ഇന്ത്യന്‍ കുടുംബങ്ങളെ നന്നായി പഠിച്ച് അവരുടെ ആവശ്യങ്ങള്‍ കൃത്യമായി കണ്ടറിഞ്ഞുള്ള ഡിസൈനാണ് ഏഥര്‍ നടത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. മുന്‍ഭാഗത്ത് മൊബൈല്‍ ഉള്‍പ്പെടെ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്‌പേസ് നല്‍കിയിട്ടുണ്ട്.
സുരക്ഷയ്ക്കും റിസ്ത വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അധിക സേഫ്റ്റി ഫീച്ചറായി ഏഥര്‍ സ്‌കിഡ് കണ്‍ട്രോള്‍ ടെക്നോളജി അവതരിപ്പിച്ചിട്ടുണ്ട്. റിയര്‍ വീല്‍ സ്ലിപ്പായാല്‍ സ്പീഡ് സെന്‍സറുകള്‍ വഴി ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമായി ഇത് പ്രവര്‍ത്തിക്കും. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it