ഔഡിയുടെ വില്‍പ്പന ആറ് മാസത്തില്‍ ഇരട്ടിയായി

ഇന്ത്യയിലെ റീറ്റെയ്ല്‍ വില്‍പ്പനയില്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി 97 ശതമാനം വര്‍ധനയോടെ 2023 ന്റെ ആദ്യ പകുതിയില്‍ 3,474 വാഹനങ്ങള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,765 വാഹനങ്ങളായിരുന്നു എന്ന് കമ്പനി അറിയിച്ചു.

രണ്ടാം പകുതിക്ക് അടിത്തറ

വിതരണത്തില്‍ വെല്ലുവിളികളുണ്ടായിരുന്നിട്ടും നിര്‍മാണ ചെലവുകള്‍ വര്‍ധിച്ചിട്ടും വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ പ്രകടനം വിജയകരമായ രണ്ടാം പകുതിക്ക് അടിത്തറയിട്ടതായി ഔഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. 2023ന്റെ ആദ്യ ആറ് മാസങ്ങളില്‍ പ്രീ- ഓണ്‍ഡ് കാറുകളുടെ വില്‍പ്പനയില്‍ കമ്പനി 53 ശതമാനം വളര്‍ച്ച കൈവരിച്ചു.

മെച്ചപ്പെട്ട വില്‍പ്പനയോടെ

ഔഡി ക്യു3, ഔഡി ക്യു3 സ്പോര്‍ട്ട്ബാക്ക്, ഔഡി ക്യു5, ഔഡി എ4, ഔഡി എ6 എന്നിവയ്ക്ക് ശക്തമായ ഡിമാന്‍ഡുണ്ടെന്ന് കമ്പനി പറഞ്ഞു. മറ്റ് മുന്‍നിര കാറുകളായ ഔഡി ക്യു7, ഔഡി ക്യു8, ഔഡി എ8 എല്‍, ഔഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ്5 സ്പോര്‍ട്ട്ബാക്ക്, ഔഡി ആര്‍എസ് ക്യു8, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയവയും മെച്ചപ്പെട്ട വില്‍പ്പന കാഴ്ചവച്ചതായി കമ്പനി അറിയിച്ചു.

പുതിയ വൈദ്യുത വാഹനം ഉടന്‍

കമ്പനി ഉടന്‍ തന്നെ പുതിയ വൈദ്യുത മോഡലായ ഔഡി ക്യു8 ഇ-ട്രോണ്‍ പുറത്തിറക്കുമെന്നും ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. ഔഡി ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവയാണ് ഔഡി ഇന്ത്യയുടെ മറ്റ് ഇലക്ട്രിക് മോഡലുകള്‍.

Related Articles

Next Story

Videos

Share it