ടെസ്‌ലയ്‌ക്കെതിരേ ഔഡിയുടെ പുതിയനീക്കം, ഇലക്ട്രിക് സെഡാന്‍ അവതരിപ്പിച്ചേക്കും

ആഗോലതലത്തില്‍ തന്നെ ആഡംബര ഇലക്ട്രിക് വാഹന വിപണിയിലെ വമ്പനായ ടെസ്‌ലയ്‌ക്കെതിരേ പുതിയ നീക്കവുമായി ഔഡി. സെഡാന്‍ വിഭാഗത്തില്‍ ഏവരെയും ആകര്‍ഷിക്കുന്ന ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാനാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. 2025 ഓടെ ഈ മോഡല്‍ അവതരിപ്പിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ചില സാഹചര്യങ്ങളില്‍ മനുഷ്യരില്‍ നിന്ന് ഡ്രൈവിംഗ് ചുമതല ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു പുതിയ സോഫ്‌റ്റ്വെയര്‍ സ്റ്റാക്കും ഔഡിയുടെ 'ഗ്രാന്‍ഡ്‌സ്ഫിയര്‍' ആശയത്തില്‍ ഉള്‍പ്പെടുന്നു.

5.35 മീറ്റര്‍ നീളത്തില്‍ 23 ഇഞ്ച് വലുപ്പത്തില്‍ വീലുകളോട് കൂടിയാണ് ഗ്രാന്‍ഡ്‌സ്ഫിയര്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. കൂടാതെ 300 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് വേണ്ട വൈദ്യുതി 10 മിനുട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനാകുന്ന അതിനൂതന ബാറ്ററി ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഗ്രാന്‍ഡ്‌സ്ഫിയറിന് കരുത്തേകും. മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന ദൂരപരിധിയും ഗ്രാന്‍ഡ്‌സ്ഫിയറിന് ലഭ്യമാക്കും. മുഴുവന്‍ ചാര്‍ജില്‍ 750 കിലോമീറ്റര്‍ ദൂരപരിധി ഈ ആഡംബര ഇലക്ട്രിക് മോഡലില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നീക്കങ്ങള്‍ക്ക് പുറമെ ഔഡിയുടെ വില്‍പ്പന 2030 ഓടെ ഇരട്ടിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കോവിഡ് വ്യാപനം കാരണം കഴിഞ്ഞവര്‍ഷം 1.7 ദശലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് കമ്പനി നേടിയത്. ഇത് 2030 ഓടെ ഇരട്ടിപ്പിച്ച് പ്രതിവര്‍ഷം മൂന്ന് ദശലക്ഷം യൂണിറ്റുകള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തും.
നേരത്തെ, 2026 ഓടെ കമ്പനി പുറത്തിറക്കുന്ന എല്ലാ മോഡലുകളും ഇലക്ട്രിക്കായിരിക്കുമെന്ന് ഔഡി വ്യക്തമാക്കിയിരുന്നു. 2033 ഓടെ ആഗോലതലത്തിലെ തന്നെ പ്രധാന ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി മാറാനാണ് കമ്പനിയുടെ ശ്രമം. ഔഡിയുടെ പുതിയ 'വോര്‍സ്പ്രംഗ് 2030' പദ്ധതിയുടെ ഭാഗമായായിരുന്നു ഇലക്ട്രിക്കിലേക്കുള്ള മാറ്റം പ്രഖ്യാപിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നീ രണ്ട് ഇലക്ട്രിക് എസ്യുവികളാണ് ഔഡി പുറത്തിറക്കിയിട്ടുള്ളത്.


Related Articles

Next Story

Videos

Share it