പുതിയ ഇ.വി സബ്‌സിഡി! വണ്ടി വിലയില്‍ എന്തുമാറ്റം? ബജറ്റില്‍ വാഹനലോകം പ്രതീക്ഷിക്കുന്നതെന്ത്?

കഴിഞ്ഞ കൊല്ലം വാഹന വില്‍പ്പന വളര്‍ച്ചാ നിരക്ക് കുറഞ്ഞത് പരിഹരിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്
finance minister nirmala sitaraman and automobile factory
image credit : canva , Nirmala Sitharama facebook
Published on

ഫെബ്രുവരി ഒന്നിന് ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഒളിപ്പിച്ച പ്രഖ്യാപനങ്ങള്‍ എന്തൊക്കെ എന്നാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് പുറമെ ജി.എസ്.ടി, ആദായ നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡീസല്‍/പെട്രോള്‍ വാഹനങ്ങള്‍ക്ക് പകരം കൂടുതല്‍ ഇ.വികള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ വാഹന ലോകവും വലിയ പ്രതീക്ഷയിലാണ്. കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ ഇ.വികളുടെ വില കുറയുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കൊല്ലം യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ചാ നിരക്ക് കുറഞ്ഞത് പരിഹരിക്കാനുള്ള ശ്രമങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബാറ്ററി നിര്‍മാണത്തിന് പ്രോത്സാഹനം

ഇ.വി ബാറ്ററി നിര്‍മാണത്തിന് ചൈനയില്‍ നിന്നുള്ള ലിഥിയം-അയണ്‍ സെല്ലുകള്‍ ഇറക്കുമതി ചെയ്യുന്നത് വിപണിക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ ബാറ്ററി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തദ്ദേശീയ ബാറ്ററി നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പി.എം ഇ-ഡ്രൈവ്, എസ്.എം.ഇ.ഇ.സി, പി.എല്‍.ഐ തുടങ്ങിയ പദ്ധതികള്‍ വഴി കൂടുതല്‍ ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചേക്കും. നിര്‍മാണ വസ്തുക്കളുടെ വില കുറയുന്നതോടെ ക്രമേണ ഇ.വികളുടെ വിലയും പോക്കറ്റിനിണങ്ങുന്നത് ആകുമെന്നാണ് പ്രതീക്ഷ.

കസ്റ്റംസ് ഡ്യൂട്ടിയില്‍ മാറ്റം

ഇ.വി, ബാറ്ററി കംപോണന്റുകള്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്താനുള്ള സാധ്യതയും വാഹന ലോകം പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉയര്‍ന്ന തീരുവ ചുമത്തുന്നത്, പ്രാദേശിക ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ തീരുവ കൂട്ടുന്നത് ഇറക്കുമതി സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വാഹനങ്ങളുടെ വില കൂട്ടുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം

ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഇപ്പോഴും പലരും മടിക്കുന്നത് രാജ്യത്തെ ഇ.വി അടിസ്ഥാന സൗകര്യ മേഖലയിലെ സൗകര്യക്കുറവാണ്. ഇതിന് പരിഹാരം കാണാന്‍ പി.എം ഇ ഡ്രൈവ് പദ്ധതി വഴിയുള്ള നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും ബാറ്ററി റീസൈക്ലിംഗ്, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ബാറ്ററി വാടകക്ക് എടുക്കാന്‍ കഴിയുന്ന സംവിധാനം പോലുള്ളവ കൂടി നടപ്പിലാക്കണമെന്നും വാഹന ലോകം ആവശ്യപ്പെടുന്നു.

വണ്ടി വില കൂടുമോ?

ആഗോള വിപണിയിലെ വിലക്കയറ്റം, അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ, വിതരണ ശൃംഖലയിലെ തടസങ്ങള്‍, നികുതി നയങ്ങള്‍ തുടങ്ങി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന നിരവധി ഘടകങ്ങളാണ് ഇന്ത്യയിലെ വാഹന വിലയെ സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇക്കൊല്ലം അവസാനത്തോടെ യാത്രാ വാഹന വില വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മേല്‍പ്പറഞ്ഞ വിഷയങ്ങളെ ബജറ്റില്‍ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും നിര്‍ണായകമാണ്. ഉത്പാദന ചെലവ് കൂടുന്നത് നിയന്ത്രിക്കാനും വിതരണ ശൃംഖലയിലെ തടസം മാറ്റാനും കഴിഞ്ഞാല്‍ വാഹന വില പിടിച്ചു നിര്‍ത്താന്‍ കഴിയും. അങ്ങനെ വന്നാല്‍ കഴിഞ്ഞ കൊല്ലത്തെ വില്‍പ്പന കണക്കുകളിലെ കുറവ് നികത്താനും 2025ല്‍ വാഹന ലോകത്തിന് കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com