വാങ്ങാനാളില്ലാതെ 6 ലക്ഷം വണ്ടികള്‍! ജി.എസ്.ടി നിരക്ക് കുറച്ചാലും സെസ് കെണിയാകും, ഉത്സവ കാലത്ത് വാഹന വിപണിക്ക് ടെന്‍ഷന്‍

പരിഷ്‌ക്കാരത്തിന്റെ ഇളവ് കിട്ടാന്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്നത് മൂലം ഉത്സവ കാലത്തെ വില്‍പ്പന വെള്ളത്തിലാകുമോയെന്നാണ് വിപണിയുടെ ആശങ്ക
Aerial view of rows of brand-new cars parked in an automotive storage lot, ready for distribution and sales
canva
Published on

നിലവിലെ ജി.എസ്.ടി സമ്പ്രദായത്തില്‍ ഈടാക്കുന്ന 1-22 ശതമാനം വരെയുള്ള നഷ്ടപരിഹാര സെസില്‍ (Compensation cess) വ്യക്തത വരുത്തണമെന്ന ആവശ്യവുമായി വാഹനലോകം. ഇല്ലെങ്കില്‍ വിറ്റുപോകാതെ ഷോറൂമുകളിലുള്ള ആറ് ലക്ഷത്തോളം വാഹനങ്ങളില്‍ വലിയ നഷ്ടമുണ്ടാകുമെന്നും വാഹന നിര്‍മാതാക്കളും ഡീലര്‍മാരും പറയുന്നു.

എന്താണ് പ്രശ്‌നം

നിലവിലെ ജി.എസ്.ടി സമ്പ്രദായം അനുസരിച്ച് നികുതിക്ക് പുറമെ ചില വാഹനങ്ങള്‍ക്ക് നഷ്ടപരിഹാര സെസ് എന്ന പേരില്‍ അധിക നികുതി കൂടി ചുമത്താറുണ്ട്. വാഹനത്തിന്റെ വലിപ്പം, എഞ്ചിന്‍ ശേഷി അനുസരിച്ചാണ് ഇവ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് ചെറിയ പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം സെസ് ഈടാക്കുമ്പോള്‍ 22 ശതമാനം വരെയാണ് വലിയ എസ്.യു.വി മോഡലുകള്‍ക്ക് നല്‍കേണ്ടത്. ഇപ്പോഴുള്ള ജി.എസ്.ടി നിരക്ക് കുറക്കാനും നഷ്ടപരിഹാര സെസ് ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ആറ് ലക്ഷത്തോളം വാഹനങ്ങള്‍ കമ്പനികളില്‍ സ്‌റ്റോക്കുണ്ട്. പുതിയ ജി.എസ്.ടി പരിഷ്‌ക്കാരം വരുമ്പോള്‍ ഈ വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തിയ സെസ് തുകയുടെ കാര്യത്തിലാണ് വാഹന ലോകത്തിന് ആശങ്ക.

പരിഹാരമെന്ത്?

സെസ് പൂര്‍ണമായും ഒഴിവാക്കുന്ന തരത്തില്‍ ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് വാഹന ലോകത്തിന്റെ ആവശ്യം. ജി.എസ്.ടി പരിഷ്‌കാരം വരുമ്പോള്‍ കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനും സര്‍ക്കാര്‍ സംവിധാനം വേണം. ഇതിനോടകം അടച്ച സെസ് തുക നഷ്ടപരിഹാരമായോ ടാക്‌സ് ക്രെഡിറ്റായോ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഉപയോഗിക്കാത്ത ജി.എസ്.ടി നഷ്ടപരിഹാര സെസ് തിരികെ ലഭിക്കാനുള്ള ഒരു സംവിധാനവും നിലവില്‍ ഇല്ല. ഇവ പിന്നീട് ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ക്രെഡിറ്റായി മാറ്റിയില്ലെങ്കില്‍ വാഹന വിപണിക്ക് വലിയ നഷ്ടമുണ്ടാകുമെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലോ ശൈത്യകാല സമ്മേളനത്തിലോ ഇതിനായി നിയമ നിര്‍മാണം നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്സവ കാലത്ത് വിപണിക്ക് ടെന്‍ഷന്‍

ജി.എസ്.ടി പരിഷ്‌ക്കാരം എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിപണിക്ക് ആശങ്ക തുടരുകയാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരുമാനം വിപണിക്ക് അനുകൂലമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പരിഷ്‌ക്കാരത്തിന്റെ ഇളവ് കിട്ടാന്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്നത് മൂലം ഉത്സവ കാലത്തെ വില്‍പ്പന വെള്ളത്തിലാകുമോയെന്നാണ് വിപണിയുടെ ആശങ്ക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനം പുറത്തിറങ്ങുന്ന ഓണക്കാലത്ത് പലരും വാഹനമെടുക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. എന്നിട്ടും വാഹന ബുക്കിംഗില്‍ 16 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്.

എന്നാല്‍ ദേശീയതലത്തില്‍ വാഹനം വാങ്ങല്‍ തീരുമാനം നീട്ടിവെച്ചവരുടെ എണ്ണം കൂടുതലാണ്. ബുക്കിംഗ് റദ്ദാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ജി.എസ്.ടി നിരക്കുകള്‍ സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകുന്നത് വരെ അമിതമായി സ്റ്റോക്ക് സൂക്ഷിക്കേണ്ടെന്നാണ് ഷോറൂമുകളുടെ തീരുമാനം. മാസങ്ങളായി മന്ദഗതിയിലായ വിപണി ഉത്സവകാലത്തെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ വെറുതെയാകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

India’s auto sector faces uncertainty over GST 2.0 and cess changes. With speculation on rate shifts, the industry enters the festive season in a cautious mood.

മാറ്റം ഇങ്ങനെ

നിലവില്‍ ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങള്‍ക്കും ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടിയാണ് നല്‍കേണ്ടത്. 1-22 ശതമാനം വരെ സെസും നല്‍കണം. 28 ശതമാനത്തിന് പകരം വാഹനങ്ങളുടെ നികുതി 18 ശതമാനമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ വാഹനങ്ങള്‍ക്ക് 40 ശതമാനം ജി.എസ്.ടി ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 350 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 18 ശതമാനവും അതിന് മുകളിലുള്ളവക്ക് 40 ശതമാനം ജി.എസ്.ടിയും ഈടാക്കുമെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ജി.എസ്.ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 3,4 തീയതികളില്‍ ചേരുകയാണ്.

India’s auto sector faces uncertainty over GST 2.0 and cess changes. With speculation on rate shifts, the industry enters the festive season in a cautious mood.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com