

വാഹനം വാങ്ങാന്‍ ഷോറൂമുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും തടസ്സമില്ലാത്തതുമായ വായ്പാ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ബാങ്കുകളും വാഹന ധനകാര്യ സ്ഥാപനങ്ങളും (Auto Lenders) പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറുന്നു. പരമ്പരാഗത ഇ.എം.ഐ (EMI) രീതികളില്‍ നിന്ന് മാറി, കാര്‍ വാങ്ങുന്ന സമയത്ത് തന്നെ പര്‍ച്ചേസ് പ്രക്രിയയുടെ ഭാഗമായി വായ്പ ലഭ്യമാക്കുന്ന 'എംബഡഡ് ഫിനാന്‍സിങ്' (Embedded Finance) രീതിക്കാണ് രാജ്യത്തെ മുന്‍നിര ഓട്ടോ ഫിനാന്‍സ് കമ്പനികള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
മുംബൈയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) അഞ്ചാമത് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഉച്ചകോടിയിലാണ് ധനകാര്യ മേഖലയിലെ പ്രമുഖര്‍ ഈ പുതിയ പ്രവണതയെക്കുറിച്ച് വ്യക്തമാക്കിയത്.
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 10 പുതിയ കാറുകളില്‍ എട്ടെണ്ണവും വായ്പ സഹായത്തോടെയാണ് ഉപഭോക്താക്കള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഒരു കാര്‍ ഷോറൂമില്‍ പോയി കണ്ട് ഇഷ്ടപ്പെട്ട് അതിന്റെ ഓണ്‍-റോഡ് വില നിശ്ചയിച്ച ശേഷം, വായ്പയ്ക്കായി മറ്റൊരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടി വരുന്നു. നിരവധി ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സാന്നിധ്യം ചിലപ്പോഴൊക്കെ ഈ പ്രക്രിയ വൈകാന്‍ കാരണമാകാറുണ്ട്.
എന്നാല്‍ 'എംബഡഡ് ഫിനാന്‍സ്' വരുന്നതോടെ, ഉപഭോക്താവ് വാഹനം ബുക്ക് ചെയ്യുന്ന വെബ്സൈറ്റിലോ അല്ലെങ്കില്‍ ഡീലര്‍മാരുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലോ വായ്പാ സംവിധാനം നേരിട്ട് സംയോജിപ്പിക്കും (Integrate ചെയ്യും). ആഗോള വിപണികളില്‍ നിലവിലുള്ളതുപോലെ വെറും മിനിറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ അപ്പ്രൂവല്‍, ഇ-സൈന്‍ (e-sign), ഫണ്ടിങ് എന്നിവ പൂര്‍ത്തിയാക്കി വാഹനം സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും.
ഇന്നത്തെ ഉപഭോക്താക്കള്‍ വാഹനങ്ങളെക്കുറിച്ചും അവയുടെ ഫീച്ചറുകളെക്കുറിച്ചും കൃത്യമായ ധാരണയോടെയാണ് ഷോറൂമുകളില്‍ എത്തുന്നതെന്ന് യെസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജന്‍ പെന്റല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വായ്പാ പ്രക്രിയകള്‍ കൂടുതല്‍ ലളിതമാക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ്, ഫിനാന്‍സ് ബിസിനസുകളാണ് ഇന്ന് ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പുകളുടെ നിലനില്‍പ്പിന് പ്രധാന അടിത്തറയെന്ന് ഫാഡ (FADA) പ്രസിഡന്റ് സി.എസ് വിഘ്‌നേശ്വര്‍ ചൂണ്ടിക്കാട്ടി.
ഗ്രാമപ്രദേശങ്ങളും നഗരങ്ങളും തമ്മിലുള്ള വാഹന വില്‍പ്പനയിലെ വ്യത്യാസം ഇപ്പോള്‍ കുറഞ്ഞുവരികയാണെന്ന് മഹീന്ദ്ര ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റൗള്‍ റെബെല്ലോ വ്യക്തമാക്കി. പ്രാദേശിക വിപണികള്‍ക്ക് അനുയോജ്യമായ പ്രത്യേക വായ്പാ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് കമ്പനികള്‍ ഇനി ശ്രമിക്കേണ്ടത്.
വികസിത വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഓട്ടോ ഫിനാന്‍സ് രംഗം ഇപ്പോഴും പരമ്പരാഗത വായ്പകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. രാജ്യത്തെ വാഹന വിപണിയില്‍ വായ്പകള്‍ക്ക് പുറമെയുള്ള മറ്റ് ഫിനാന്‍സിങ് രീതികള്‍ വളരെ കുറവാണ്. വാഹന ലീസിങ് (Leasing) ആകെ വിപണിയുടെ 1.5 ശതമാനം മാത്രമാണ്. വാഹന സബ്‌സ്‌ക്രിപ്ഷന്‍ (Subscription) വെറും 0.1 ശതമാനവും
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ നല്‍കുന്നതിനായി ഫിന്‍ടെക് കമ്പനികളുമായും വാഹന നിര്‍മാതാക്കളുമായും ചേര്‍ന്ന് കൂടുതല്‍ നൂതനമായ ഡിജിറ്റല്‍ ക്രെഡിറ്റ് സംവിധാനങ്ങള്‍ ഒരുക്കാനാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. മൊത്തക്കച്ചവട രംഗത്ത് (Wholesale Finance) കൂടുതല്‍ സുതാര്യതയും പലിശനിരക്കിലെ കുറവ് വേഗത്തില്‍ ഡീലര്‍മാര്‍ക്ക് കൈമാറുന്ന രീതിയും നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine