കോവിഡ്: സര്‍വീസ് കാലാവധിയും വാറണ്ടിയും നീട്ടി വാഹന നിര്‍മാതാക്കള്‍

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഫ്രീ സര്‍വീസ് കാലാവധിയും വാറണ്ടിയും നീട്ടി വാഹന നിര്‍മാതാക്കള്‍. മാരുതി സുസുകി, ടൊയോറ്റ, എംജി മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി സര്‍വീസ് കാലാവധിയും വാറണ്ടിയും ദീര്‍ഘിപ്പിച്ചത്.

മാരുതി സുസുകി, ഫ്രീ സര്‍വീസ്, വാറണ്ടി പിരീഡ്, എക്സ്റ്റന്റഡ് വാറണ്ടി എന്നിവ 2021 ജൂണ്‍ 30 വരെയാണ് നീട്ടി നല്‍കിയത്. മാര്‍ച്ച് 15 നും മെയ് 31 നും ഇടയില്‍ കാലാവധി തീരുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു.

ടൊയോറ്റ കിര്‍ലോസ്‌കര്‍, എംജി മോട്ടോര്‍ ഇന്ത്യ എന്നിവ ഏപ്രില്‍, മെയ് മാസങ്ങളില്‍ കലാവധി തീരുന്ന വാറണ്ടിയും ഫ്രീ സര്‍വീസും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എംജി മോട്ടോഴ്‌സ് 2021 ജൂലൈ 31 വരെയാണ് കാലാവധി നീട്ടിനല്‍കിയത്. എന്നാല്‍ ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ടൊയോറ്റ വാറണ്ടിയും എക്‌സ്റ്റന്റഡ് വാറണ്ടിയും ഒരു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്.

ലോക്ക്ഡൗണ്‍ കാരണം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വാറണ്ടിയും ഫ്രീ സര്‍വീസ് കാലാവധിയും രണ്ട് മാസത്തേക്ക് നീട്ടിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഈ പ്രതികൂല സാഹചര്യത്തിലും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ് സമയപരിധി നീട്ടിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Next Story

Videos

Share it