ജനുവരിയില്‍ രാജ്യത്ത് വാഹന വില്‍പ്പന കുറഞ്ഞു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് ഇപ്പോഴും തുടരുന്നു. സെമികണ്ടക്ടറുകളുടെ ക്ഷാമവും ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതുമെല്ലാം വാഹനങ്ങളുടെ വില്‍പ്പനയെ ബാധിച്ചു. എങ്കിലും വരും മാസങ്ങളില്‍ നില മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ഓട്ടോമൊബീല്‍ മേഖല.

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെ വാഹന രജിസ്‌ട്രേഷനില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയേക്കാള്‍ 2022 ജനുവരിയില്‍ 11 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കോവിഡ് വ്യാപിക്കുന്നതിന് മുമ്പുള്ള 2020 ജനുവരിയേക്കാള്‍ 18 ശതമാനം കുറവുമാണ് ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍.
ഗ്രാമീണ മേഖലയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇരുചക്ര വാഹന വില്‍പ്പനയെ ദോഷകരമായി ബാധിച്ചുവെങ്കില്‍ സെമികണ്ടക്ടര്‍ ചിപ്പ് അടക്കമുള്ള ഭാഗങ്ങളുടെ ക്ഷാമം മൂലം ഉല്‍പ്പാദനം കുറഞ്ഞത് കാറുകളുടെ വില്‍പ്പന കുറച്ചു.
അതേസമയം കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ വളര്‍ച്ച കാണാനുണ്ട്.
കോവിഡ് ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ നിന്ന് ഓട്ടൊമാബില്‍ വിപണി ഇനിയും മോചിതമായിട്ടില്ലെന്നാണ് റീറ്റെയ്ല്‍ വില്‍പ്പനയിലെ 18.4 ശതമാനം ഇടിവ് കാട്ടുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറയുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മാറിത്തുടങ്ങിയിട്ടുണ്ടെന്നും അടുത്ത തവണ വില്‍പ്പന മെച്ചപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലഭ്യത കൂടി വരുന്നതും ശുഭസൂചനയായി വാഹന നിര്‍മാതാക്കള്‍ കരുതുന്നു.
2022-23 വര്‍ഷം 25000 കിലോമീറ്റര്‍ ഹൈവേ നിര്‍മാണവും മറ്റു അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നതായ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന കൂട്ടുമെന്നാണ് വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. അതേസമയം ഗ്രാമീണ ജനതയുടെ ചെലവിടല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടര്‍, വില കുറഞ്ഞ കാറുകള്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്കും സഹായകരമാകുമെന്നും ഗുലാത്തി പറയുന്നു.


Related Articles
Next Story
Videos
Share it