ബജറ്റ് വലച്ചു; കേരളത്തില്‍ കാര്‍ വില്‍പന പാതിയായി

സംസ്ഥാനത്ത് കഴിഞ്ഞമാസം ടൂവീലര്‍, പാസഞ്ചര്‍ വാഹന (കാര്‍) റീട്ടെയ്ല്‍ വില്‍പന നേരിട്ടത് കനത്ത ഇടിവ്. 2022 ഏപ്രിലിനെ അപേക്ഷിച്ച് കാര്‍ വില്‍പന പാതിയായെന്ന് 'പരിവാഹന്‍' രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സംസ്ഥാനത്ത് 41,743 ടൂവീലറുകള്‍ (സ്‌കൂട്ടറും ബൈക്കും) രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 21.61 ശതമാനം ഇടിഞ്ഞ് 32,720 എണ്ണമായി. കാര്‍ വില്‍പന 16,001ല്‍ നിന്ന് 8,465 എണ്ണമായി കുറഞ്ഞു; ഇടിവ് 47.09 ശതമാനം. ഈ വര്‍ഷം മാര്‍ച്ചിലെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോഴും ഏപ്രിലില്‍ നേരിട്ടത് വന്‍ നഷ്ടമാണ്.
മാര്‍ച്ചില്‍ 50,623 ടൂവീലറുകളാണ് പുതുതായി നിരത്തിലെത്തിയത്; ഇതിനേക്കാള്‍ 35.36 ശതമാനം കുറവാണ് കഴിഞ്ഞമാസത്തെ വില്‍പന. കാര്‍ വില്‍പന മാര്‍ച്ചിലെ 24,128നെ അപേക്ഷിച്ച് ഇടിഞ്ഞത് 64.91 ശതമാനം.
തിരിച്ചടിയായി ബഡ്ജറ്റ്
ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാഹനങ്ങള്‍ക്ക് അധിക നികുതിഭാരം ഏര്‍പ്പെടുത്തിയത് റീട്ടെയ്ല്‍ വാഹന വില്‍പനയെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഏപ്രിലിലെ രജിസ്‌ട്രേഷന്‍ കണക്കുകള്‍.
സാധാരണക്കാരുടെ ശ്രേണിയായ, രണ്ടുലക്ഷം രൂപവരെയുള്ള ടൂവീലറുകള്‍ക്ക് രജിസ്‌ട്രേഷന്‍ സമയത്തെ ഒറ്റത്തവണ നികുതി രണ്ട് ശതമാനമാണ് ബജറ്റില്‍ കൂട്ടിയത്. ഇതോടെ ഒരുലക്ഷം രൂപവരെ വിലയുള്ളവയുടെ നികുതി 10ല്‍ നിന്ന് 12 ശതമാനമായി. രണ്ടുലക്ഷം രൂപവരെയുള്ളവയുടേത് 12ല്‍ നിന്ന് 14 ശതമാനവും.
കാറുകളുടെ നികുതി ഒന്നുമുതല്‍ രണ്ടു ശതമാനം വരെയും കൂട്ടിയിരുന്നു. ഇതോടെ ഇവയുടെ നികുതി 9 മുതല്‍ 21 ശതമാനം വരെയായിരുന്നത് 10 മുതല്‍ 22 ശതമാനം വരെയായി. വാഹന വില, ജി.എസ്.ടി തുടങ്ങിയവയ്ക്ക് പുറമേയാണ് ഈ നികുതിഭാരം.
ഇതിന് പുറമേ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയത് നിരവധി പേരെ പുതിയ വാഹനം വാങ്ങുന്നതില്‍ നിന്ന് അകറ്റിയതും വിപണിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
ബജറ്റിലെ അധികനികുതി ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുമെന്നതിനാല്‍ നിരവധി പേര്‍ വാഹനം വാങ്ങുന്നത് നേരത്തേയാക്കി രജിസ്‌ട്രേഷന്‍ മാര്‍ച്ചില്‍ തന്നെ നടത്തി. ഇതും ഏപ്രിലിലെ വില്‍പനയെ ബാധിച്ചു.
ഇ.വിക്ക് പ്രിയമേറെ
ഹരിതോര്‍ജ വാഹനങ്ങള്‍ക്ക് കേരളത്തില്‍ സ്വീകാര്യതയുണ്ടെന്ന് രജിസ്‌ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുത വാഹനങ്ങളുടെ (ഇ.വി) വില്‍പന 2022 ഏപ്രിലിലെ 3,374ല്‍ നിന്ന് കഴിഞ്ഞമാസം 5,556 ആയി മെച്ചപ്പെട്ടു; വര്‍ദ്ധന 64.67 ശതമാനം. സി.എന്‍.ജി മാത്രം ഇന്ധനമായുള്ള വാഹനങ്ങളുടെ വില്‍പന 500ല്‍ നിന്ന് 89.2 ശതമാനം ഉയര്‍ന്ന് 946 ആയി.
പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമുള്ള പെട്രോള്‍-ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പന 39.03 ശതമാനം ഉയര്‍ന്ന് 723 എണ്ണത്തിലെത്തി. 2022 ഏപ്രിലിലെ വില്‍പന 520 എണ്ണമായിരുന്നു. ഡീസല്‍-ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പന പൂജ്യത്തില്‍ നിന്ന് 10 എണ്ണമായും ഉയര്‍ന്നു. പെട്രോള്‍-എഥനോള്‍ വിഭാഗത്തില്‍ 1,291 വാഹനങ്ങളുടെ രജിസ്‌ട്രേഷനും കഴിഞ്ഞമാസം നടന്നിട്ടുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it