

രാജ്യത്തെ വാഹന വില്‍പനയില്‍ കഴിഞ്ഞ മാസം (ഒക്ടോബര്‍) 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) കണക്കുകള്‍. പാസഞ്ചര്‍ വാഹനങ്ങളിലും ഇരുചക്ര വാഹന വിഭാഗത്തിലും വില്‍പന താഴ്ന്നു. കഴിഞ്ഞ മാസം വിറ്റഴിച്ചത് ആകെ 3,172,466 യൂണിറ്റുകളായിരുന്നു. 2025ല്‍ സമാന മാസത്തില്‍ ഇത് 4,163,555 യൂണിറ്റുകളായിരുന്നു.
വില്‍പനയിലെ ഈ ഇടിവ് വാഹന നിര്‍മാണ കമ്പനികളെ ഒട്ടും ആശങ്കാകുലരാക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം പലതാണ്. കഴിഞ്ഞ വര്‍ഷത്തെ വില്‍പനയിലെ കുതിച്ചുചാട്ടം വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായിട്ടാണ് ഈ രംഗം കാണുന്നത്. ജിഎസ്ടി പരിഷ്‌കരണത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വലിയ വില്‍പനയാണ് നടന്നത്.
ഇതിനൊപ്പം ജിഎസ്ടിയുടെ കുറവിനൊപ്പം നവരാത്രിയും ദീപാവലിയും ഒന്നിച്ചു വരികയും ചെയ്തു. ഈ അനുകൂല സാഹചര്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വാഹന വില്‍പന ഉയരാന്‍ കാരണമായി. സ്വഭാവികമായും ഇത്തവണ അനുകൂല കാലാവസ്ഥയായിരുന്നിട്ടും കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് മറികടക്കാന്‍ സാധിക്കാതെ വന്നു.
രാജ്യത്തെ പാസഞ്ചര്‍ വാഹന ഡീലര്‍മാരുടെ കൈവശം നിലവില്‍ 43 മുതല്‍ 45 ദിവസം വരെയുള്ള വില്‍പനയ്ക്കാവശ്യമായ വാഹനങ്ങളുണ്ട്. സാധാരണയായി 21 ദിവസത്തെ സ്റ്റോക്കാണ് നിലനിര്‍ത്തുന്നത്. ഇതിന്റെ ഇരട്ടിയിലധികമാണ് നിലവിലെ സ്റ്റോക്ക്.
വാഹന നിര്‍മാതാക്കള്‍ ഡീലര്‍ഷിപ്പുകളിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി വില്‍പന നടക്കുന്നില്ല. നിലവിലെ സ്റ്റോക്ക് വലിയ പ്രശ്നമല്ലെങ്കിലും ഡിസംബര്‍ അവസാനത്തോടെയും ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഡീലര്‍മാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഫാഡ പ്രസിഡന്റ് സായ് ഗിരിധര്‍ വ്യക്തമാക്കി.
സ്റ്റോക്ക് വിറ്റഴിക്കാനായി കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കേണ്ടിവരുന്നത് ഡീലര്‍മാരുടെയും വാഹന നിര്‍മാതാക്കളുടെയും ലാഭക്ഷമതയെ ബാധിക്കാനും സാധ്യതയുണ്ട്. വാഹന വായ്പകളുടെ ചെലവ് വര്‍ധിക്കുന്നതും പ്രതിമാസ തിരിച്ചടവ് തുക ഉയരുന്നതും ഉപയോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine