Begin typing your search above and press return to search.
കേരളത്തില്‍ വാഹന വില്‍പ്പനയില്‍ ഇടിവ്, മുന്നേറി ഇലക്ട്രിക് വാഹനങ്ങള്‍
ദേശീയതലത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം (2023-24) റീറ്റെയ്ൽ വാഹന വിൽപന മുന്നേറിയപ്പോൾ കേരളം കാഴ്ചവച്ചതാകട്ടെ കടകവിരുദ്ധ പ്രകടനം. എല്ലാ ശ്രേണികളിലുമായി 10.2 ശതമാനം വളർച്ചയോടെ ആകെ 2.46 കോടി പുതിയ വാഹനങ്ങൾ കഴിഞ്ഞവർഷം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തുവെന്ന് പരിവാഹൻ പോർട്ടലിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. തൊട്ടുമുൻ വർഷം വിറ്റഴിഞ്ഞത് 2.23 കോടി വാഹനങ്ങളായിരുന്നു.
ജനങ്ങളുടെ സാമ്പത്തികശേഷി, വാങ്ങൽശേഷി എന്നിവയും രാജ്യത്തിന്റെ പൊതുവേയുള്ള സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുന്നതിന്റെ സൂചകങ്ങളിലൊന്നാണ് റീറ്റെയ്ൽ വാഹന വിൽപനയുടെ വളർച്ച. എന്നാൽ, കേരളത്തിൽ സ്ഥിതി വിപരീതമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞവർഷത്തെ വാഹന വിൽപനക്കണക്ക്.
കേരളത്തിന് വലിയ ക്ഷീണം
സംസ്ഥാനത്ത് എല്ലാ ശ്രേണികളിലുമായി ആകെ 7.41 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതുതായി നിരത്തിലെത്തിയത്. 2022-23ലെ 7.91 ലക്ഷത്തെ അപേക്ഷിച്ച് വില്‍പന 6.4 ശതമാനം കുറഞ്ഞു. ടൂവീലര്‍ വില്‍പന 5.27 ലക്ഷത്തില്‍ നിന്ന് 4.82 ലക്ഷത്തിലേക്കും കാര്‍ വില്‍പന 2.08 ലക്ഷത്തില്‍ നിന്ന് 1.89 ലക്ഷത്തിലേക്കും താഴ്ന്നത് തിരിച്ചടിയായി. യഥാക്രമം 8.63 ശതമാനം, 6.82 ശതമാനം എന്നിങ്ങനെയാണ് ഇവയുടെ ഇടിവ്. അതേസമയം, മുച്ചക്ര വാഹനവില്‍പന 22,662 എണ്ണത്തില്‍ നിന്ന് 43.09 ശതമാനം കുതിച്ച് 32,405 എണ്ണമായി മെച്ചപ്പെട്ടു.
ഇ.വിക്ക് കേരളത്തിൽ നല്ല പ്രിയം
പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തികവര്‍ഷം കേരളത്തില്‍ വിറ്റഴിഞ്ഞത് ആകെ 80,785 ഇലക്ട്രിക് വാഹനങ്ങളാണ് (EV). 2022-23ലെ 52,284 ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് 54.5 ശതമാനം അധികം. 2022-23ലെ മൊത്തം ഇ.വി വില്‍പനയില്‍ 44,434 എണ്ണമായിരുന്നു ടൂവീലറുകളെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 65,157 എണ്ണത്തിലേക്ക് കുതിച്ചുയര്‍ന്നു.
ഇലക്ട്രിക് കാറുകളുടെ വില്‍പന 5,069ല്‍ നിന്ന് ഇരട്ടിയോളം വര്‍ദ്ധിച്ച് 10,304 എണ്ണമായി. ഇലക്ട്രിക് ത്രീവീലറുകളുടെ വില്‍പന 2,727ല്‍ നിന്ന് 5,092 എണ്ണമായും ഉയര്‍ന്നെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മൊത്തം വാഹന വിൽപനയിൽ 6.61 ശതമാനമായിരുന്നു 2022-23ൽ ഇലക്ട്രിക് വാഹനങ്ങളെങ്കിൽ കഴിഞ്ഞവർഷം വിഹിതം 10.90 ശതമാനമായി മെച്ചപ്പെട്ടുവെന്ന പ്രത്യേകതയുമുണ്ട്. ദേശീയതലത്തിൽ ഇ.വി വിഹിത ശരാശരി 6.81 ശതമാനമാണെന്നിരിക്കേ, ഇതിനേക്കാൾ ഏറെ കൂടുതലാണ് കേരളത്തിൽ എന്നത് മികവാണ്.
പെട്രോളിനോടും പ്രിയം കുറയുന്നു
ഡീസല്‍ എന്‍ജിനുകളുള്ള വാഹനങ്ങളെ കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന കടത്തിവെട്ടിയിട്ട് നാളേറെയായി. ഇപ്പോഴിതാ, സംസ്ഥാനത്ത് പെട്രോള്‍ എന്‍ജിനുള്ള മോഡലുകള്‍ക്കും പ്രിയം കുറയുന്നതായാണ് കണക്ക്.
2022-23ല്‍ പെട്രോള്‍ എന്‍ജിനുള്ള വാഹനങ്ങളുടെ വില്‍പന കേരളത്തില്‍ 6.48 ലക്ഷമായിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം എണ്ണം 5.25 ലക്ഷമായി കുറഞ്ഞു. 56,916ല്‍ നിന്ന് 54,480 എണ്ണത്തിലേക്ക് ഡീസല്‍ എന്‍ജിനുള്ള വാഹനങ്ങളുടെ വില്‍പനയും കുറഞ്ഞു. അതേസമയം സി.എന്‍.ജി വാഹന വില്‍പന 11,494ല്‍ നിന്ന് 17,012ലേക്കും എല്‍.പി.ജി വാഹന വില്‍പന 11ല്‍ നിന്ന് 24ലേക്കും ഉയര്‍ന്നു.
ഡീസല്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമുള്ള ഡീസല്‍-ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പന 96ല്‍ നിന്ന് 155ലേക്കും പെട്രോള്‍-ഹൈബ്രിഡ് വാഹനവില്‍പന 16,545ല്‍ നിന്ന് 20,339 എണ്ണത്തിലേക്കും ഉയര്‍ന്നെന്നും പരിവാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കമ്പനികളുടെ പ്രകടനം സമ്മിശ്രം
കഴിഞ്ഞവര്‍ഷം കേരളത്തിലെ വാഹന വില്‍പനയില്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ വിലയിരുത്തിയാല്‍ കമ്പനികളുടെ പ്രകടനം സമ്മിശ്രമാണ്. ടൂവീലര്‍ ഇ.വി വിഭാഗത്തില്‍ ഏഥര്‍ എനര്‍ജിയുടെ വില്‍പന 12,241 എണ്ണത്തില്‍ നിന്ന് 14,882 എണ്ണമായി മെച്ചപ്പെട്ടു.
ഹീറോ ഇലക്ട്രിക്കിന്റേത് 2,489ല്‍ നിന്ന് 422 എണ്ണത്തിലേക്ക് താഴ്ന്നു. ഓലയുടേത് 13,396ല്‍ നിന്ന് 22,691 എണ്ണമായി മെച്ചപ്പെട്ടു. പരമ്പരാഗത ടൂവീലര്‍ വിഭാഗത്തില്‍ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട, യമഹ, റോയല്‍-എന്‍ഫീല്‍ഡ്, സുസുക്കി, ടി.വി.എസ് എന്നിവ നഷ്ടമാണ് കുറിച്ചത്. ബജാജ് ഓട്ടോയുടെ വില്‍പന മെച്ചപ്പെട്ടു.
മാരുതി സുസുക്കിയുടെ കേരളത്തിലെ വില്‍പന 1.05 ലക്ഷത്തില്‍ നിന്ന് 97,738 എണ്ണമായി താഴ്ന്നു. ഹ്യുണ്ടായി 19,257ല്‍ നിന്ന് 19,264ലേക്ക് വില്‍പന നേരിയതോതില്‍ ഉയര്‍ത്തി. ഹോണ്ട കാര്‍സ്, കിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവ നഷ്ടമാണ് കുറിച്ചത്.
ഇലക്ട്രിക് കാറുകളുടെ വില്‍പനയില്‍ ഏറ്റവും മുന്നില്‍ ടാറ്റാ മോട്ടോഴ്‌സ് തന്നെയാണെങ്കിലും 2022-23നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം വില്‍പന കുറഞ്ഞെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിക് കാര്‍ ഉള്‍പ്പെടെ ടാറ്റയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പന 2022-23ല്‍ 25,628 ആയിരുന്നത് കഴിഞ്ഞവര്‍ഷം 22,575 എണ്ണമാണെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ കണക്ക് വ്യക്തമാക്കുന്നു.
ടൊയോട്ട, നിസാന്‍, എം.ജി മോട്ടോര്‍, ബി.വൈ.ഡി എന്നിവ കഴിഞ്ഞവര്‍ഷം വില്‍പന നേട്ടമാണ് കുറിച്ചത്. അതേസമയം, ആഡംബര ശ്രേണിയില്‍ ബി.എം.ഡബ്ല്യുവിന്റെ വില്‍പന 1,105ല്‍ നിന്ന് 912ലേക്കും മെഴ്‌സിഡെസ്-ബെന്‍സിന്റേത് 622ല്‍ നിന്ന് 536 എണ്ണത്തിലേക്കും കുറഞ്ഞു.
ദേശീയതലത്തിൽ മികച്ച നേട്ടം
ദേശീയതലത്തിൽ മികച്ച നേട്ടം
ദേശീയതലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പാസഞ്ചർ വാഹനങ്ങൾ (കാറുകൾ) 8.20 ശതമാനവും ത്രീവീലറുകൾ 49.59 ശതമാനവും ടൂവീലറുകൾ 9.93 ശതമാനവും വിൽപന വളർച്ച നേടി.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന 11.83 ലക്ഷത്തിൽ നിന്ന് 41.6 ശതമാനം കുതിച്ച് 16.75 ലക്ഷത്തിലെത്തി. കേന്ദ്രസർക്കാരിന്റെ സബ്സിഡി പദ്ധതിയായ ഫെയിം-2 വഴിയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടും ഇ.വി വിൽപന ശ്രദ്ധേയ വളർച്ച നേടുകയായിരുന്നു. ദേശീയതലത്തിൽ പുതുതായി വിറ്റഴിയുന്ന വാഹനങ്ങളിൽ ഇ.വിയുടെ വിഹിതം 5. 30 സതമാനത്തിൽ നിന്ന് കഴിഞ്ഞവർഷം 6.81 ശതമാനമായും ഉയർന്നു.
Next Story
Videos