വാഹന നിര്‍മ്മാണ മേഖല: അനുബന്ധ ഫാക്ടറികളില്‍ സുരക്ഷയ്ക്കു പുല്ലുവില
പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കു വേണ്ടി അനുബന്ധ ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഫാക്ടറികളിലെ നൂറു കണക്കിനു തൊഴിലാളികള്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്ത് ഗുരുതര അപകടങ്ങളില്‍പ്പെടുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. ഹരിയാനയിലെ ഗുരുഗ്രാം മേഖലയില്‍ ഇപ്രകാരം പരിക്കേറ്റ 1,369 തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച്, ഐഐഎം അഹമ്മദാബാദിലെ മൂന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു സ്ഥാപിച്ച ഒരു എന്‍.ജി.ഒ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.
പരിക്കേറ്റവരില്‍ 93 ശതമാനം പേരും വമ്പന്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ അനുബന്ധ യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് ജോലി ചെയ്യുന്നത്. ഇത്തരം അനുബന്ധ വ്യവസായ ശാലകളിലെ 83 ശതമാനം യന്ത്രങ്ങളിലും സുരക്ഷാ 'സെന്‍സര്‍' ഉള്‍പ്പെടെയുള്ള അവശ്യ സംവിധാനങ്ങളില്ല. ഇന്ത്യന്‍ ഫാക്ടറി നിയമപ്രകാരം നിയമവിരുദ്ധമാണീ അവസ്ഥ.
ഈ രംഗത്ത് 48 ശതമാനം തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍മാരില്‍ നിന്ന് അമിതമായ ഉല്‍പാദന സമ്മര്‍ദ്ദം അനുഭവപ്പെടുന്നള്ളതായും റിപ്പോര്‍ട്ടിലുണ്ട്. അപകടങ്ങളില്‍പ്പെട്ട തൊഴിലാളികളില്‍ 61 ശതമാനം പേരുടെ കൈയോ വിരലുകളോ നഷ്ടപ്പെട്ടു. മിക്കവരുടെയും ജീവിതമാര്‍ഗ്ഗമടഞ്ഞു.65 ശതമാനം ഇരകളും 30 വയസ്സിന് താഴെയുള്ളവരാണ്. താല്‍ക്കാലികാടിസ്ഥാനത്തില്‍ തൊഴിലെടുത്തുപോന്നവര്‍. ഇ.എസ്.ഐ പോലുള്ള ചെറിയ ആനുകൂല്യങ്ങളേ ഇവര്‍ക്കുള്ളൂ. അതിനു പോലും എന്‍.ജി.ഒ സഹായിക്കേണ്ട സ്ഥിതിയാണ്.