യാത്രാവാഹന വിപണി: മാന്ദ്യത്തിന്റെ തുടര്‍ച്ച മാറാതെ 11 മാസങ്ങള്‍
രാജ്യത്തെ യാത്രാ വാഹന വില്‍പ്പന തുടര്‍ച്ചയായി പതിനൊന്നാം മാസവും ഇടിഞ്ഞു. സെപ്റ്റംബറില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പന 23.7 ശതമാനം കുറവ് രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ മാസം 223,317 യാത്രാ വാഹനങ്ങളേ ആകെ വിറ്റുപോയുള്ളൂവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ മാസം 2.87,198 വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണിത്. പാസഞ്ചര്‍ കാര്‍ വില്‍പ്പന 33.4 ശതമാനം ഇടിഞ്ഞ് 131,281 യൂണിറ്റായി.
'ഏറ്റവും മോശമാണിപ്പോഴും സാഹചര്യങ്ങള്‍. ഇനിയും ഉല്‍പാദനം കുറയ്‌ക്കേണ്ടിവരും. തൊഴില്‍ വെട്ടിക്കുറവും ഉണ്ടാകാം,' സിയാം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.
ഉത്സവ സീസണിന്റെ പശ്ചാത്തലത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടായേക്കാമെന്ന് വധേര പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഒക്ടോബറിലെ സംഖ്യകള്‍ വരുന്നതുവരെ അനിശ്ചിത്വം തന്നെയാകും.
വാഹന കമ്പനികളുടെ മൊത്തം വരുമാനം ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ നാലിലൊന്നായി കുറയുമെന്ന് എസ് ആന്റ് പി റേറ്റിംഗ് ഏജന്‍സിയുടെ ഇന്ത്യന്‍ വിഭാഗമായ ക്രിസില്‍ നിരീക്ഷിച്ചിരുന്നു.ചില മോഡലുകളുടെ വില കുറച്ചിട്ടും സെപ്റ്റംബറില്‍ മാരുതി സുസുക്കി ഇന്ത്യ വില്‍പ്പനയില്‍ 24.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.വാഹന വില്‍പ്പനയിലുണ്ടായ കുറവ് സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നും തീര്‍ച്ചയായി.