വാഹന വില കുറഞ്ഞതിന്റെ നേട്ടം സര്‍ക്കാര്‍ കൊയ്യുമോ? മോദിയുടെ ചിത്രത്തോടെ ജി.എസ്.ടി ഇളവ് വിവരം ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം

കഴിഞ്ഞ മാസങ്ങളില്‍ കുറഞ്ഞ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ജി.എസ്.ടി ഇളവിനൊപ്പം ഉത്സവ ഓഫറുകളും മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്
Display of two red SUVs with a poster of Prime Minister Narendra Modi in the background carrying the text “GST Discount,” symbolising GST-related price cuts in the automobile sector.
Canva, Maruti Suzuki, Facebook / Narendra Modi
Published on

ജി.എസ്.ടി പരിഷ്‌ക്കരണത്തിന് മുമ്പും ശേഷവുമുള്ള വാഹനങ്ങളുടെ വില രാജ്യത്തെ എല്ലാ ഷോറൂമുകളിലും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. നികുതി ഇളവിന്റെ ഉപയോഗം എല്ലാവരിലും എത്തുമെന്ന് ഉറപ്പാക്കാനാണ് വാഹന കമ്പനികള്‍ക്കും ഡീലര്‍മാര്‍ക്കും കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടക്കമുള്ള പോസ്റ്ററാണ് ഷോറൂമുകളില്‍ പതിക്കേണ്ടതെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന് (സിയാം) നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതിന്റെ ചെലവ് ഡീലര്‍മാരും കമ്പനികളും വഹിക്കേണ്ടതാണ്. 20-30 കോടി രൂപ വരെ ഇതിന് മാത്രം ചെലവാകുമെന്നാണ് കരുതുന്നത്. മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പോസ്റ്ററുകളാണ് പതിക്കേണ്ടത്. എന്നാല്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കുന്ന പോസ്റ്ററുകള്‍ക്കും അനുമതി വാങ്ങണമെന്ന നിബന്ധന കമ്പനികള്‍ക്ക് അധിക തലവേദന സൃഷ്ടിക്കുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

നാല് മീറ്റര്‍ നീളമുള്ളതും 1,200 സി.സി വരെ എഞ്ചിന്‍ ശേഷിയുള്ളതുമായ പെട്രോള്‍ കാറുകളുടെയും 1,500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകളുടെയും ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിരുന്നു. സെസ് അടക്കം 31 ശതമാനം വരെയാണ് ഇത്തരം കാറുകള്‍ക്ക് നിലവില്‍ നല്‍കേണ്ട നികുതി. ഇതിന് മുകളില്‍ ശേഷിയുള്ള കാറുകള്‍ക്ക് 40 ശതമാനമാണ് ജി.എസ്.ടി നല്‍കേണ്ടത്. നിലവില്‍ സെസ് അടക്കം 50 ശതമാനം വരെയാണ് ഇത്തരം കാറുകള്‍ക്ക് നികുതി നല്‍കേണ്ടത്. സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരുന്ന നികുതി ഇളവിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്.

മാരുതി കാറുകളുടെ വില കുറയും

കഴിഞ്ഞ മാസങ്ങളില്‍ കുറഞ്ഞ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ജി.എസ്.ടി ഇളവിനൊപ്പം ഉത്സവ ഓഫറുകളും മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി ആള്‍ട്ടോ കെ10 വി.എക്‌സ്.ഐ+ എ.ജി.എസ് പതിപ്പിന്റെ വില ജി.എസ്.ടി ഇളവിന് ശേഷം 74,312 രൂപ കുറയും. ഉത്സവ ഓഫര്‍, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയുള്‍പ്പെടെ 66,000 രൂപയുടെ അധിക ഓഫറും കമ്പനി ഈ വാഹനത്തിന് നല്‍കും. ഇതോടെ 1,40,312 രൂപയുടെ വിലക്കുറവുണ്ടാകും. 5,57,527 രൂപയിലേക്ക് ആള്‍ട്ടോ കെ10 വി.എക്‌സ്.ഐ+ എ.ജി.എസ് പതിപ്പിന്റെ വിലയെത്തും. ആള്‍ട്ടോ കെ 10 സി.എന്‍.ജി വി.എക്‌സ്.ഐ പതിപ്പിന് 71,401 രൂപയാണ് ജി.എസ്.ടി ഇളവ് ലഭിക്കുക. ഉത്സവ ഓഫറായി 61,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചു.

മാരുതിയുടെ മറ്റൊരു ഹിറ്റ് മോഡലായ എസ് പ്രെസോ വി.എക്‌സ്.ഐ എ.ജി.എസ് പതിപ്പിന് 73,214 രൂപയുടെ ജി.എസ്.ടി ഇളവും 61,000 രൂപയുടെ ഉത്സവ ഓഫറും ലഭിക്കും. വാഗണ്‍ ആര്‍ ഇസഡ്.എക്‌സ്.ഐ+ എ.ജി.എസ് പതിപ്പിന് 81,783 രൂപയുടെ ജി.എസ്.ടി ഇളവും ഉത്സവ ഓഫറായി 70,000 രൂപയുടെ ഡിസ്‌ക്കൗണ്ടും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. സെലോറിയോ ഇസഡ്.എക്‌സ്.ഐ+ എ.ജി.എസ് പതിപ്പിന് 80,419 രൂപയാണ് ജി.എസ്.ടി ഇളവ് ലഭിക്കുക. ഇതിന് പുറമെ 65,000 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ടുമുണ്ടാകും. 1,45,419 രൂപയുടെ ആകെ ഇളവാണ് ഈ മോഡലിന് ലഭിക്കുക. സ്വിഫ്റ്റ് ഇസഡ്.എക്‌സ്.ഐ+ എ.ജി.എസ് പതിപ്പിന് 1,03,606 രൂപയുടെ ജി.എസ്.ടി ഇളവും 70,000 രൂപയുടെ ഉത്സവ ഓഫറും സഹിതം 1,73,606 രൂപയുടെ കുറവുണ്ടാകും. 8,68,535 രൂപ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ ആകെ വില്‍പ്പനയുടെ ഒമ്പത് ശതമാനവും ലഭിക്കുന്ന ഈക്കോ മോഡലിനും വന്‍ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈക്കോ 5 എസ്.ടി.ആര്‍ എ.സി പതിപ്പിന് 73,824 രൂപയുടെ ജി.എസ്.ടി ഇളവും 45,000 രൂപയുടെ ഉത്സവ ഓഫറും ലഭിക്കും. സെഡാന്‍ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലായ ഡിസയറിന് 1,11,190 രൂപയുടെ ജി.എസ്.ടി ഇളവും 5,000 രൂപയുടെ ഉത്സവ ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രമുഖ മോഡലായ മാരുതി സുസുക്കി എര്‍ട്ടിഗക്കും ആകര്‍ഷകമായ ഇളവുണ്ട്. 70,925 രൂപയുടെ ജി.എസ്.ടി ഇളവും 7,500 രൂപയുടെ ഉത്സവ ഓഫറുമാണ് എര്‍ട്ടിഗ ഇസഡ്.എക്‌സ്.ഐ+ 1.5ലിറ്റര്‍ എ.ടി പതിപ്പിനുള്ളത്. മാരുതി ബ്രെസക്ക് 75,010 രൂപയുടെ ജി.എസ്.ടി ഇളവും 55,000 രൂപയുടെ ഉത്സവ ഓഫറും ലഭിക്കുമെന്നും കമ്പനി അറിയിപ്പില്‍ പറയുന്നു.

വില കുറക്കാന്‍ കിയ മോട്ടോര്‍സും

കൊറിയന്‍ കമ്പനിയായ കിയ മോട്ടോര്‍സും ജി.എസ്.ടി ഇളവിന്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിലാണ്. അടുത്തിടെ വിപണിയിലെത്തിച്ച കിയ സിറോസിന് 1.86 ലക്ഷം രൂപയുടെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചത്. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ കാര്‍ണിവലിന് 4.48 ലക്ഷം രൂപയുടെ ഇളവും നല്‍കും. കിയോ സോണറ്റിന് 1.64 ലക്ഷം രൂപയും സെല്‍റ്റോസിന് 75,372 രൂപയും കാരന്‍സിന് 48,513 രൂപയും ഇളവ് നല്‍കുമെന്നും കിയ അറിയിച്ചിട്ടുണ്ട്.

Automakers in India have been asked to display price posters with Prime Minister Narendra Modi’s photo at all dealerships after the GST rate cut. Maruti Suzuki and Kia Motors have already announced price reductions.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com