

ആസന്നമായ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വാഹന വ്യവസായ മേഖലയെ ഗുരുതര പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന ആവശ്യം ശക്തം. ഇതിനായി അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണം - സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ നിര്‍ദ്ദേശിച്ചു.
ജൂലൈ വില്‍പ്പന 19 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഇടിവാണു രേഖപ്പെടുത്തിയത്. ഈ പ്രവണത തുടരുകയാണെങ്കില്‍, വരാനിരിക്കുന്ന ഉത്സവ സീസണില്‍ കൂടതല്‍ നിരാശാബാധിതമാകും വിപണി. മാസങ്ങളായി വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ കമ്പനികള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കാര്യങ്ങള്‍ പിന്നോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മാത്തൂര്‍ പറഞ്ഞു.' കമ്പനികള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും ഷോറൂമുകളോടുള്ള ജനങ്ങളുടെ വിമുഖത മാറുന്നില്ല. അതേസമയം, സാഹചര്യത്തിനനുസൃതമായുള്ള ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഉത്സവ സീസണില്‍ അത് നല്ല സ്വാധീനം ചെലുത്തും. എന്നാല്‍ പാക്കേജ് ഈ മാസം അവസാനമോ സെപ്റ്റംബര്‍ ആദ്യമോ വരണം. പ്രഖ്യാപിക്കുന്നത് ഒട്ടും കാലതാമസമില്ലാതെ നടപ്പാക്കുകയെന്നതും പ്രധാനം'.
'രാജ്യവ്യാപകമായി വിപണി ഇതുപോലെ ചുരുങ്ങിയത് ആദ്യമായാണ്. 15,000 ത്തോളം കരാര്‍ തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടതായി 15 കമ്പനികളില്‍ നിന്നു 'സിയാം' ശേഖരിച്ച ഡാറ്റ വ്യക്തമാക്കുന്നു. പാര്‍ട്സ് മേഖലയിലും ഡീലര്‍ഷിപ്പുകളിലും കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചതായും മാത്തൂര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine