വൈദ്യുത വാഹനങ്ങളിലെ വെള്ളി ഉപയോഗം; ഖനികള്‍ തേടി നിര്‍മാതാക്കള്‍

വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയും ഉപഭോഗവും വര്‍ധിക്കുന്നതിനാല്‍ വന്‍കിട വാഹന നിര്‍മാതാക്കള്‍ വെള്ളി ഖനികള്‍ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നു. ചില വാഹന കമ്പനികള്‍ ധാതു ഖനികളില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ നടന്ന ലോകത്തെ ഏറ്റവും വലിയ ലോഹ, ഖനന സമ്മേളനത്തില്‍ ആദ്യമായി വാഹന കമ്പനികള്‍ പങ്കെടുത്തു.

ഡിമാന്‍ഡും വിലയും ഉയരുന്നു

ഒരു ടെസ്ല വൈദ്യുത കാറില്‍ ശരാശരി 1 കിലോ വെള്ളി ഉപയോഗിക്കുന്നു എന്നാണ് കണക്ക്. കാര്‍ ബാറ്ററികളിലും വെള്ളിയുടെ ഉപയോഗം ഉണ്ട്. 2023 ല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് 10 കോടി ഔണ്‍സ് വെള്ളി (2834 ടണ്‍) ആവശ്യമായി വരും. വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൊണ്ട് 2023 ല്‍ അന്താരാഷ്ട്ര വില ശരാശരി ഔണ്‍സിന് 23 ഡോളറായി ഉയരുമെന്ന് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നു. തുടര്‍ന്ന് ഔണ്‍സിന് 30 ഡോളര്‍ വരെ ഉയരാം. വെള്ളിയുടെ ഖനനം 4% വര്‍ധിച്ച് 100 കോടി ഔണ്‍സില്‍ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സൗരോര്‍ജ പാനല്‍ നിര്‍മ്മാണത്തിനും

വൈദ്യുത വാഹനങ്ങള്‍ കൂടാതെ സൗരോര്‍ജ പാനലുകള്‍ നിര്‍മ്മിക്കാനും വെള്ളി ആവശ്യമുണ്ട്. ഈ മേഖലയിലെ വെള്ളി ഡിമാന്‍ഡ് 16 കോടി ഔണ്‍സാണ് (4535 ടണ്‍). വാഹന മേഖലയില്‍ വെള്ളിയുടെ ആവശ്യകത കുതിച്ച് ഉയരാന്‍ സാധ്യത ഉണ്ടെന്ന് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നു. ചിപ്പ് ദൗര്‍ലബ്യം കുറഞ്ഞതും, ഇലക്ട്രോണിക്ക് ഘടകങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും, പവര്‍ ട്രെയിന്‍ വൈദ്യുത വല്‍ക്കരണവും വെള്ളിയുടെ ഉപഭോഗം വര്‍ധിപ്പിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it