

ബജാജ് ഓട്ടോ തങ്ങളുടെ ഏറ്റവും ജനപ്രിയ ബ്രാൻഡായ പൾസറിൽ (Pulsar) വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. അടുത്ത 4–5 മാസത്തിനുള്ളിൽ പൾസർ പോർട്ട്‌ഫോളിയോ പൂർണമായും പുതുക്കി അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 125 സിസിക്ക് മുകളിലുള്ള വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി എട്ട് പുതിയ ഉൽപ്പന്നങ്ങളാണ് അടുത്ത നാല് മാസത്തിനുള്ളിൽ പുറത്തിറക്കാൻ ലക്ഷ്യമിടുന്നത്.
വില്‍പ്പന ഉയര്‍ത്തുന്നതിനായി നവംബർ മുതൽ വലിയ പരിഷ്കരണങ്ങളാണ് കമ്പനി നടപ്പിലാക്കുന്നത്. ഇത് 150 സിസിക്ക് മുകളിലുള്ള വിഭാഗത്തിൽ വിപണി വിഹിതം വർദ്ധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. ഈ പരിഷ്കരണ പ്രക്രിയ പൂർത്തിയാകുമ്പോൾ ഒറിജിനൽ പൾസർ മോഡലുകൾക്കൊപ്പം എൻ-സീരീസ് (N-series), എൻഎസ്-സീരീസ് (NS-series) എന്നിവയും പൂർണമായും പുതുക്കപ്പെടും. 125 സിസി വിഭാഗത്തിലെ വിടവ് നികത്താൻ പുതിയൊരു ബ്രാൻഡ് അവതരിപ്പിക്കാനോ അല്ലെങ്കിൽ നിലവിലുള്ള പഴയ ഏതെങ്കിലും ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനോ കമ്പനി ആലോചിക്കുന്നുണ്ട്.
കൂടാതെ, ആദ്യമായി ഒരു ഓഫ്-റോഡ് ബൈക്കും (Off-road bike) ബജാജ് പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഡൊമിനാർ ബ്രാൻഡിന് ഇന്ത്യയിൽ പരിമിതമായ സാന്നിധ്യമാണ് ഉളളതെങ്കിലും, വിദേശ വിപണികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 250 സിസിയിൽ കൂടുതലുളള ബൈക്കുകളുടെ വില്‍പ്പന ഇന്ത്യയേക്കാൾ അധികം മെക്സിക്കോയിലാണ് ഉളളത്.
മോട്ടോർ സൈക്കിൾ വ്യവസായ മേഖലയിൽ 12–15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇന്ധനവിലയിലും മറ്റുമുണ്ടാകുന്ന വിലക്കയറ്റം ഉപഭോക്താക്കളുടെ ക്രയശേഷിയെ ബാധിക്കുമോ എന്ന ആശങ്കയും കമ്പനി പങ്കുവെക്കുന്നു. പണപ്പെരുപ്പം വലിയ അപകടസാധ്യതയാണ്, ഉപഭോക്താവിന്റെ വാങ്ങൽ ശേഷി ഇത് കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു. പൾസറിന് പുറമെ, കമ്പനിയുടെ ബ്രാൻഡ് പോർട്ട്‌ഫോളിയോയും മൊത്തത്തില്‍ വികസിപ്പിക്കാനുളള ആലോചനകളിലാണ് ബജാജ് ഓട്ടോ. നിലവിൽ പൾസർ ബ്രാൻഡാണ് ബജാജിന്റെ മൊത്തം വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്.
Bajaj Auto revamps Pulsar lineup and plans entry into off-road adventure segment with new models.
Read DhanamOnline in English
Subscribe to Dhanam Magazine