
ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെ.ടി.എമ്മിനെ സ്വന്തമാക്കാനൊരുങ്ങുന്നു. ഉപകമ്പനിയായ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് വി.വി (BAIHBV) വഴിയാണ് നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കുന്നത്.
പ്രീമിയം, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ അറയിപ്പില്‍ ബജാജ് ഓട്ടോ വ്യക്തമാക്കി.
കെ.ടി.എമ്മിന്റെ ബിസിനസ് പുനരുജ്ജീവിപ്പിക്കുന്നതിനും കടം പുനക്രമീകരിക്കുന്നതിനുമായി 800 മില്യണ്‍ യൂറോയുടെ (ഏകദേശം 7,700 കോടി രൂപ) ഫണ്ടിംഗ് ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇതില്‍ 450 മില്യണ്‍ യൂറോ (ഏകദേശം 4,370 കോടി രൂപ) കെ.ടി.എമ്മിന് സെക്വേഡ് ലോണ്‍ ആയി നേരിട്ടു കൊടുക്കും. കെ.ടി.എമ്മിന്റെ ആസ്തികള്‍ ഈടായി നല്‍കുന്ന ഈ വായ്പ നിശ്ചിത സമയത്തിന് ശേഷം തിരിച്ചടയ്‌ക്കേണ്ടതാണ്.
ഇതു കൂടാതെ 150 മില്യണ്‍ (1,450 കോടി രൂപ) യൂറോ കണ്‍വെര്‍ട്ടിബിള്‍ ബോണ്ട് ആയാണ് നല്‍കുന്നത്. ബജാജ് ഓട്ടോയും പിയറര്‍ മൊബിലിറ്റിയും സംയുക്തമായി നിയന്ത്രിക്കുന്ന ബിയറര്‍ ബജാജ് എ.ജിയാണ് ഈ ബോണ്ടുകള്‍ പുറത്തിറക്കുക. കടമായി നല്‍കുന്ന തുക ഭാവിയില്‍ ഓഹരിയാക്കി മാറ്റാന്‍ സാധിക്കുന്നതാണ് കണ്‍വെര്‍ട്ടിബിള്‍ ബോണ്ടുകള്‍.
നേരത്തെ 200 മില്യണ്‍ യൂറോ കെ.ടി.എമ്മിനായി അനുവദിച്ചിരുന്നു. ബാക്കിയുള്ള 600 മില്യണ്‍ യൂറോ ഉടന്‍ അനുവദിക്കും.
2024 നവംബറിലാണ് സാമ്പത്തിക പ്രതിസന്ധി നേരിട്ട കെ.ടി.എം സ്വയംഭരണ പുനഃസംഘടനാ പ്രക്രിയ ( self-administrative restructuring process) തിരഞ്ഞെടുത്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ റീസ്ട്രക്ചറിംഗ് നടത്തുന്നതാണിത്. പാപ്പരത്തത്തിലേക്ക് പോകാതെ കമ്പനിയെ തിരിച്ചു കൊണ്ടു വരുകയാണ് ഇതിന്റെ ലക്ഷ്യം.
2025 ഫെബ്രുവരി 25നാണ് വായ്പാ ദാതാക്കള്‍ റീസ്ട്രക്ചറിംഗ് പദ്ധതി അംഗീകരിച്ചത്. 2025 മേയ് 23 നകം 30 ശതമാനം പേയ്‌മെന്റ് നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഓസ്ട്രിയന്‍ കോടതി ഈ പദ്ധതി അംഗീകരിക്കുകയും ചെയ്തു. പാപ്പരത്ത നടപടികള്‍ ഒഴിവാക്കി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ബജാജിന്റെ ഫണ്ടിംഗ് സഹായിക്കും. കെ.ടി.എമ്മിനെ ഏറ്റെടുത്ത ശേഷം കമ്പനിയെ ലാഭത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ക്ക് ബജാജ് രൂപം കൊടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine