ഹീറോയെ പിന്തള്ളി ബജാജ്, ഇരുചക്രവിപണിയില്‍ ഒന്നാമന്‍

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പിനെ മറികടന്ന് ബജാജ് ഓട്ടോ. നവംബര്‍ മാസത്തെ വില്‍പ്പനയിലാണ് ഹീറോയെ ബജാജ് പിന്നിലാക്കിയത്. ബജാജ് 337,962 യൂണീറ്റുകള്‍ ആകെ വിറ്റപ്പോള്‍ ഹീറോയുടെ വില്‍പ്പന 329,185 യൂണീറ്റുകളായിരുന്നു.

ആഭ്യന്തര വിപണിയില്‍ ഹീറോ തങ്ങളുടെ മേധാവിത്വം തുടര്‍ന്നു. ഇന്ത്യയില്‍ ഹീറോ 308,654 യൂണീറ്റുകള്‍ വിറ്റപ്പോള്‍ ബജാജ് വിറ്റത് 144,953 യൂണീറ്റുകളാണ്. ബജാജ് നിര്‍മിച്ച 57 ശതമാനം വാഹനങ്ങളും കയറ്റുമതി ചെയ്യുകയായിരുന്നു. ആഭ്യന്ത വിപണിയിലെ വില്‍പ്പനയില്‍ ഉണ്ടായ 23 ശതമാനത്തിന്റെ കുറവ് മറികടക്കാന്‍ കയറ്റുമതി ബജാജിനെ സഹായിച്ചു.
2020 ഏപ്രില്‍-മെയ് മാസങ്ങളിലും ബജാജ് ആകെ വില്‍പ്പനയില്‍ ഹീറോയെ മറികടന്നിരുന്നു. ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പ്പടെ പ്രധാന ഇരുചക്ര നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പന നവംബറില്‍ ഇടിഞ്ഞു.അന്താരാഷ്ട്ര- ആഭ്യന്തര വിപണികളിലെ മോശം പ്രകടനം ഹീറോയ്ക്ക് തിരിച്ചടിയായി. 2020 നവംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം 39.2 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്. അതേ സമയം 2022 മാര്‍ച്ചില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.





Related Articles

Next Story

Videos

Share it