ഹീറോ ഹാര്‍ലിക്ക് പിന്നാലെ ബജാജിന്റെ ട്രയംഫും; എന്‍ഫീല്‍ഡിന് വെല്ലുവിളിയേറുന്നു

ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മ്മിച്ച പുത്തന്‍ ബൈക്ക് ഏറ്റവും കുറഞ്ഞവിലയ്ക്ക് വിപണിയിലെത്തിച്ച അമേരിക്കന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ നടപടിയില്‍ ആശങ്കപ്പെട്ടിരിക്കുകയാണ് ഐഷര്‍ മോട്ടോഴ്‌സിന് കീഴിലെ പ്രമുഖ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്.

ഇപ്പോഴിതാ, എന്‍ഫീല്‍ഡിന് കൂടുതല്‍ വെല്ലുവിളിയുമായി ബജാജും ബ്രിട്ടീഷ് ആഡംബര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫും കൈകോര്‍ത്ത് പുതിയ മോഡല്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നു. വെറും 2.29 ലക്ഷം രൂപയില്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ്440 മോഡലാണ് ഹാര്‍ലിയും ഹീറോയും ചേര്‍ന്ന് കഴിഞ്ഞദിവസം വിപണിയിലിറക്കിയത്.
തൊട്ടുുപിന്നാലെ ഇതാ ബജാജും ട്രയംഫും ചേര്‍ന്ന് 2.33 ലക്ഷം രൂപയില്‍ വില തുടങ്ങുന്ന 'സ്പീഡ്400' (Speed 400) എന്ന പുതിയ താരത്തെയും വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്440, സ്പീഡ്400 എന്നിവ കളംപിടിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡിന് കനത്ത തിരിച്ചടിയാകുമെന്നാണ് പൊതുവിലയിരുത്തല്‍.
ഇതുവരെ 'തനിക്കുചേര്‍ന്ന' എതിരാളികളില്ലാതെ, വന്‍ വില്‍പന നേട്ടം കുറിച്ച് മുന്നേറുകയായിരുന്നു എന്‍ഫീല്‍ഡ്. ഹീറോയും ഹോണ്ടയുമൊക്കെ ഇതിനിടെ സ്വന്തംനിലയ്ക്ക് പയറ്റിനോക്കിയെങ്കിലും എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ്, ഹിമാലയന്‍, ഹണ്ടര്‍ തുടങ്ങിയ മോഡലുകളുടെ അപ്രമാദിത്തത്തിന് തടയിടാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍, ആഗോളതലത്തില്‍ ശ്രദ്ധേയമായ ഹാര്‍ലിയുടെയും ട്രയംഫിന്റെയും കൂട്ടുപിടിച്ച്, ഏറെ ആകര്‍ഷകമായ വിലയ്ക്ക് ഹീറോയും ബജാജുമെത്തുന്നത് എന്‍ഫീല്‍ഡിന് ചെറുതല്ലാത്ത വെല്ലുവിളി തന്നെയായേക്കും.
ഓഫര്‍ ആദ്യ 10,000 പേര്‍ക്ക്
ട്രയംഫ് സ്പീഡ് 400ന് പ്രാരംഭവില നിലവില്‍ 2.33 ലക്ഷം രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ വിലയില്‍ ബൈക്ക് ലഭിക്കുക. തുടര്‍ന്ന് വിലയില്‍ മാറ്റമുണ്ടായേക്കും. അതെത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സ്പീഡ് 400നൊപ്പം സ്‌ക്രാംബ്ലര്‍ 400 എക്‌സും (ടരൃമായഹലൃ 400ത) ബജാജ്-ട്രയംഫ് അവതരിപ്പിച്ചെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല. 398 സി.സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്പീഡ് 400നുള്ളത്. 40 ബി.എച്ച്.പിയാണ് കരുത്ത്. ടോര്‍ക്ക് 37.5 എന്‍.എം. ഗിയറുകള്‍ ആറ്.
ട്രാക്ഷന്‍ കൺട്രോൾ, ഡ്യുവല്‍ ചാനല്‍ എ.ബി.എസ്., ടോര്‍ക്ക്-അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ഫോര്‍മാറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളാല്‍ സമ്പന്നവും ആകര്‍ഷകവുമാണ് സ്പീഡ് 400. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350, ഹീറോ-ഹാര്‍ലി എക്‌സ്440 എന്നിവയാണ് വിപണിയിലെ എതിരാളികള്‍. സ്‌ക്രാംബ്ലര്‍ 400 എക്‌സ് ഒക്ടോബറിലേ വിപണിയിലെത്തൂ.
ഇന്ത്യന്‍ നിര്‍മ്മിത ട്രയംഫ് സ്പീഡ് 400
പൂണെയിലെ ചാകന്‍ (Chakan) പ്ലാന്റില്‍ നിന്നാണ് ബജാജ് ഓട്ടോ-ട്രയംഫ് കൂട്ടുകെട്ടില്‍ മെയ്ഡ് ഇന്‍ ഇന്ത്യ സ്പീഡ് 400 വിപണിയിലെത്തുന്നത്. പ്രതിമാസം 5,000 ട്രയംഫ് ബൈക്കുകള്‍ ഇവിടെ നിര്‍മ്മിക്കാനാകും. നിലവില്‍ ഇവിടെ 20,000 കെ.ടി.എം (KTM) ബൈക്കുകള്‍ ബജാജ് നിര്‍മ്മിക്കുന്നുണ്ട്.
വൈകാതെ ഇരു ബൈക്കുകളുടെയും (കെ.ടി.എമ്മും ട്രയംഫും) സംയുക്ത പ്രതിമാസ ഉല്‍പാദനശേഷി 40,000ലേക്ക് ഉയര്‍ത്തുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 100 ട്രയംഫ് ഷോറൂമുകളും വൈകാതെ ബജാജ് ആരംഭിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it