Begin typing your search above and press return to search.
ഒരു ലക്ഷത്തിന് താഴെ വിലയില്‍ ബജാജ് ചേതകിന്റെ കറണ്ടുവണ്ടി, വിപണി പിടിക്കുമോ?
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ബജാജ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ചേതകിന്റെ ഏറ്റവും പുതിയ മോഡല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ചേതക് 2901 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വില 95,998 രൂപയാണ് (എക്‌സ് ഷോറൂം വില, ബാംഗ്ലൂര്‍). ചുവപ്പ്, വെള്ള, കറുപ്പ്, ലൈം യെല്ലോ, ആഷൂര്‍ ബ്ലൂ (ആകാശ നീല) എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക.
123 കിലോ മീറ്റര്‍ റേഞ്ച്
2.88 കിലോ വാട്ടിന്റെ ബാറ്ററി പാക്കിലെത്തുന്ന വാഹനത്തിന് 123 കിലോ മീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ടോപ്പ് സ്പീഡ് 63 കിലോമീറ്റര്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ചേതകിന്റെ മറ്റ് വേരിയന്റുകളായ അര്‍ബന്‍, പ്രീമിയം എന്നിവയ്ക്ക് 73 കിലോമീറ്ററാണ് ടോപ് സ്പീഡായി കമ്പനി നല്‍കിയിട്ടുള്ളത്. വാഹനം പൂര്‍ണമായി ചാര്‍ജാകാന്‍ ആറ് മണിക്കൂറെടുക്കും.
വില കുറച്ചപ്പോള്‍ ഫീച്ചറുകള്‍ കുറഞ്ഞോ?
ഒരുലക്ഷത്തിന് താഴെ വില കൊണ്ടുവരാനായി വാഹനത്തിന്റെ ഫീച്ചറുകള്‍ കുറച്ചോ എന്നൊരു സംശയം എല്ലാവര്‍ക്കുമുണ്ടാകും. പക്ഷേ ചേതക് 2901നെ അടിമുടി പരിശോധിച്ചാല്‍ അതില്ലെന്ന് മനസിലാകും. ഇതിനോടകം കരുത്ത് തെളിയിച്ച മെറ്റല്‍ ബോഡിയും ആധുനിക സാങ്കേതിക വിദ്യയും തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള കളര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്.എല്‍.ഇ.ഡി ലൈറ്റുകളും അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. ഉപയോക്താവിന് ആവശ്യമെങ്കില്‍ വാഹനത്തില്‍ ബജാജിന്റെ ടെക്പാക് അപ്‌ഡേറ്റും ചെയ്യാവുന്നതാണ്. ഇതോടെ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കപ്പെടും. ഹില്‍ ഹോള്‍ഡ്, റിവേഴ്‌സ് മോഡ്, സ്‌പോര്‍ട്ട് ആന്‍ഡ് ഇക്കോണമി മോഡുകള്‍, കാള്‍ ആന്‍ഡ് മ്യൂസിക് കണ്‍ട്രോള്‍, ഫോളോ മീ ഹോം ലൈറ്റ്‌സ് തുടങ്ങിയ ഫീച്ചറുകളാണ് ഇതില്‍ ലഭിക്കുക.
എന്തിന് വാങ്ങണം
*ഒരു ലക്ഷത്തിന് താഴെ വില
*മെറ്റല്‍ ബോഡിയുള്ള ഇന്ത്യയിലെ ഏക ഇലക്ട്രിക് സ്‌കൂട്ടര്‍
*നിലവില്‍ രാജ്യത്തുള്ള 500ലധികം ഷോറൂമുകള്‍ വഴി മികച്ച സേവനം ലഭിക്കും
പെട്രോള്‍ സ്‌കൂട്ടറുകളുടെ വിലയില്‍ വാഹനമിറക്കി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ബജാജിന്റെ വിശദീകരണം. എന്നാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം നല്‍കാത്തത് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.
Next Story
Videos