മലയാളികള്‍ പുറത്തിറക്കിയ സ്‌കൂട്ടറുകളുടെ എസ്‌യുവി 'ഇന്‍ഡി'
ആളുകളുടെ യാത്രാ രീതിയില്‍ പരിവര്‍ത്തനം കൊണ്ടുവരിക എന്ന കാഴ്ചപ്പാടോടെ രണ്ട് മലയാളികള്‍ 2021 മാര്‍ച്ചില്‍ ആരംഭിച്ച ഒരു ഇലക്ട്രിക് വാഹന കമ്പനിയാണ് റിവര്‍. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ റിവര്‍ അടുത്തിടെയാണ് തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ ഇന്‍ഡി പുറത്തിറക്കിയത്. 'സ്‌കൂട്ടറുകളുടെ എസ്‌യുവി' എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നിരവധി സവിശേഷതകള്‍ ഇന്‍ഡിയില്‍ ഉണ്ട്. യാത്രക്കാര്‍ക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് ഇത് എത്തിയിരിക്കുന്നത്.
റിവറിന്റെ സ്ഥാപകര്‍
മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്നാണ് റിവര്‍ സ്ഥാപിച്ചത്. റിവര്‍ ഇതിനകം തന്നെ ഇലക്ട്രിക് വാഹന വിപണിയില്‍ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇന്ത്യ, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വന്‍കിട വാഹന ഉല്‍പ്പാദന സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അരവിന്ദിന് പതിറ്റാണ്ടുകളുടെ അനുഭവമുണ്ട്. ഓട്ടോമോട്ടീവ് ഡിസൈനിലുള്ള വിപിന്റെ മികവ് പരിസ്ഥിതി സൗഹൃദം മാത്രമല്ല, ഭംഗിയുള്ളതും സ്‌റ്റൈലിഷും ആയ ഇലക്ട്രിക് വാഹനങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കി.
ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കാനും ശ്രമിക്കുന്നുണ്ട്. റിവറിന്റെ സിഇഒ കൂടിയായ അരവിന്ദ് മണിയുടെ ആശയമാണ് ഇന്‍ഡി എന്ന സ്‌കൂട്ടര്‍. ആളുകളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ദൗത്യമെന്ന് അരവിന്ദ് മണി പറഞ്ഞു. യൂട്ടിലിറ്റിയും ലൈഫ്സ്റ്റൈലും സംയോജിപ്പിച്ച ഒന്നാണ് തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ ഇന്‍ഡിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സവിശേഷതകള്‍
ഇന്‍ഡിയുടെ വലിയൊരു സവിശേഷത 14 ഇഞ്ച് വീലുകളാണ്. ഈ വലിയ ചക്രങ്ങള്‍ കമാന്‍ഡിംഗ് റൈഡിംഗ് പൊസിഷനും മികച്ച യാത്രാക്ഷമതയും നല്‍കുന്നു. കൂടാതെ ഏത് സ്‌കൂട്ടറിനേക്കാലും ഏറ്റവും വലിയ സ്റ്റോറേജ് സ്‌പേസ് ഇതിനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്സും ഉണ്ട്. ഇന്‍ഡിയുടെ സിഗ്‌നേച്ചര്‍ ട്വിന്‍ ബീം ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പ് ഡിസൈനും സ്‌കൂട്ടറിന് വേറിട്ട രൂപം നല്‍കുന്നു. വീഴുകയാണെങ്കില്‍ ബോഡി പാനലുകളെ സംരക്ഷിക്കുന്ന 'സേഫ്ഗാര്‍ഡുകള്‍' ഇന്‍ഡിയിലുണ്ട്.
ഇതിന്റെ റൈഡിംഗ് പൊസിഷന്‍ വ്യത്യസ്ത ഉയരങ്ങളില്‍ സജ്ജീകരിക്കാന്‍ ആകുന്നവിധം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ സീറ്റ് സ്‌കൂട്ടറിനുണ്ട്. ഫ്രണ്ട് ഫൂട്ട് പെഗ്ഗുകളാണ് ഈ സ്‌കൂട്ടറിലെ മറ്റൊരു പ്രധാന സവിശേഷത. റിവറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ കീലെസ്സ് ഇഗ്‌നിഷന്‍, ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
ഇതിന്റെ 6.7 kW പീക്ക് പവര്‍ ഉള്ള ശക്തമായ മോട്ടോറിന് ഇന്‍ഡിയെ 90 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കാന്‍ കഴിയും. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. കൂടാതെ, രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് ഫീച്ചറും ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്‍ഡിയുടെ ഡെലിവറി 2023 ഓഗസ്റ്റില്‍ ആരംഭിക്കും.