Begin typing your search above and press return to search.
ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ ബെന്‍സ്-ബി.എം.ഡബ്ല്യു പോര്; ടെസ്‌ലയെ ഞങ്ങളിങ്ങെടുക്കുമെന്ന് തമിഴ്‌നാട്
ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് കാര്‍ വിപണിയില്‍ അരങ്ങേറുന്നത് ജര്‍മ്മന്‍ കമ്പനികള്‍ തമ്മിലെ പോരാട്ടം. കണക്കുകള്‍ പ്രകാരം 350 വൈദ്യുത കാറുകള്‍ (EV) വിറ്റഴിച്ച് ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഒന്നാമത് മെഴ്‌സിഡെസ്-ബെന്‍സാണ്. 211 വാഹനങ്ങള്‍ വിറ്റഴിച്ച ബി.എം.ഡബ്ല്യു ആണ് രണ്ടാമത്.
പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വൈകാതെ ഇന്ത്യയിലെത്തിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് 'ജര്‍മ്മന്‍ മത്സരം' സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്.
2024ല്‍ മെഴ്‌സിഡെസ്-ബെന്‍സ് മൂന്ന് പുതിയ ഇലക്ട്രിക് മോഡലുകള്‍ കൂടി പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രിക്കും പരമ്പരാഗത എന്‍ജിന്‍ ശ്രേണികളിലുമായി 12 പുത്തന്‍ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം ബെന്‍സ് എത്തിക്കുക.
ബെന്‍സിന്റെ കുതിപ്പ്
എല്ലാ ശ്രേണികളിലുമായി ഇന്ത്യയില്‍ ഈ വര്‍ഷം ജനുവരി-മാര്‍ച്ചില്‍ 5,412 വാഹനങ്ങള്‍ വിറ്റഴിച്ച് ആഡംബര വിഭാഗത്തില്‍ മെഴ്‌സിഡെസ്-ബെന്‍സ് തന്നെയാണ് മുന്നില്‍. ബി.എം.ഡബ്ല്യു 3,680 കാറുകളും ഔഡി 1,046 കാറുകളും വിറ്റഴിച്ചു.
ടെസ്‌ലയെ കാത്ത് തമിഴ്‌നാട്
ടെസ്‌ല മേധാവി എലോണ്‍ മസ്‌ക് ഈമാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ത്യയിലെത്തുമെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നത് സംബന്ധിച്ച് മസ്‌ക് മനസ്സുതുറന്നേക്കും.
അതിനിടെ, ടെസ്‌ല ഫാക്ടറി സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി തമിഴ്‌നാട് മുന്നോട്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹനനയം ടെസ്‌ലയ്ക്ക് അനുയോജ്യമാണെന്നും ഫാക്ടറി തുറക്കാന്‍ എല്ലാ പിന്തുണകളും നല്‍കുമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആര്‍.ബി രാജ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ നിസാന്‍, റെനോ, ഹ്യുണ്ടായ്, ബി.എം.ഡബ്ല്യു തുടങ്ങി നിരവധി വാഹന നിര്‍മ്മാണക്കമ്പനികള്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നത് സംബന്ധിച്ച് ടെസ്‌ല ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളും ടെസ്‌ല ഫാക്ടറിക്കായി കരുക്കള്‍ നീക്കുന്നുണ്ട്. ഗുജറാത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
Next Story
Videos