ലാഭത്തിലും വരുമാനത്തിലും തിളക്കം; എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതവുമായി മാരുതി സുസൂക്കി

2023-24 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ മാരുതി സുസൂക്കി ഇന്ത്യയുടെ ലാഭം 48 ശതമാനം ഉയര്‍ന്ന് 3,878 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 2,624 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തില്‍ 38,235 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കമ്പനി 125 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതമാണ്.

വില്‍പ്പനയും കയറ്റുമതിയും

മാര്‍ച്ച് പാദത്തില്‍ കമ്പനി 5.84 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022-23ലെ ഇതേ കാലയളവില്‍ 5.14 ലക്ഷം വാഹാനങ്ങളും. വില്‍പ്പനയില്‍ 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ 20 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് കമ്പനി ആദ്യമായി പിന്നിട്ടു.

ഇന്ത്യയില്‍ നിന്നുള്ള മൊത്തം പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ 41.8 ശതമാനവും സംഭാവന ചെയ്തത് മാരുതി സുസൂക്കിയാണ്. 2030ഓടെ 8 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 3 ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്‌തേക്കുമെന്ന് കമ്പനി അറിയിച്ചു.

2023-24ല്‍ തിളങ്ങി

2023-24 മുഴുവന്‍ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 64 ശതമാനം വര്‍ധിച്ച് 13,209 കോടി രൂപയായി. 2022-23ല്‍ ഇത് 8,049 കോടി രൂപയായിരുന്നു. മൊത്തം പ്രവര്‍ത്തന വരുമാനം 1.17 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 1.40 കോടി രൂപയായി.

ജനുവരിയില്‍ മാരുതി സുസുക്കി എല്ലാ മോഡലുകളുടെയും വില 0.45 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. പിന്നാലെ ഏപ്രില്‍ 10ന്, സ്വിഫ്റ്റിന്റെയും ഗ്രാന്‍ഡ് വിറ്റാര സിഗ്മയുടെ തിരഞ്ഞെടുത്ത വേരിയന്റുകളുടെയും വില 25,000 രൂപ വരെ വര്‍ധിപ്പിച്ച് കൊണ്ട് രണ്ടാമത്തെ വിലവര്‍ധനയും കമ്പനി നടത്തിയിരുന്നു.

Related Articles
Next Story
Videos
Share it