പുതു വാഹനങ്ങളുടെ സുരക്ഷയ്ക്ക് നാളെ മുതല്‍ പുതിയ സംവിധാനം
ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എന്‍.സി.എ.പി) കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നാളെ (2023 ഓഗസ്റ്റ് 22) ഉദ്ഘാടനം ചെയ്യും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പദ്ധതിയാണിതെന്ന് റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു.
സുരക്ഷ സ്വമേധയാ പരിശോധിക്കാം
വിപണിയില്‍ ലഭ്യമായ വിവിധ മോട്ടോര്‍ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റി വിലയിരുത്തുന്നതിനും താരതമ്യം ചെയ്യുന്നതിനുമുള്ള സൗകര്യം കാര്‍ വാങ്ങുന്നവര്‍ക്ക് നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (എ.ഐ.എസ്) 197 അനുസരിച്ച് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ കാറുകള്‍ സ്വമേധയാ പരിശോധിക്കാം.
പരിശോധനയ്ക്ക് ശേഷം കാറുകള്‍ക്ക് അഡല്‍റ്റ് ഒക്യുപന്റ് (എഒപി), ചൈല്‍ഡ് ഒക്യുപന്റ് (സിഒപി) സംരക്ഷണത്തിനായി സ്റ്റാര്‍ റേറ്റിംഗുകള്‍ ലഭിക്കും. ഈ റേറ്റിംഗിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി താരതമ്യം ചെയ്യാന്‍ കഴിയും. ഇത് സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനും അവ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപയോക്താവിന് കൃത്യമായ തീരുമാനമെടുക്കാനും സഹായിക്കും.
കയറ്റുമതി വര്‍ധിപ്പിക്കും
ഉപഭോക്തൃ സുരക്ഷാ മുന്‍ഗണനകള്‍ പാലിക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കുന്ന ഈ സംവിധാനം കാറുകളുടെ സുരക്ഷ ഉറപ്പാക്കുകയും ഇത്തരം കാറുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഈ നീക്കം ഇന്ത്യന്‍ വാഹനങ്ങളുടെ ആഗോള മത്സരക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രാദേശിക കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കയറ്റുമതി അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.