പെണ്‍കരുത്തില്‍ വിരിയുന്ന ഓല ;വീഡിയോ പങ്കുവെച്ച് ഭവീഷ് അഗര്‍വാള്‍

നവംബര്‍ ഒന്നിന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബുക്കിംഗ് വീണ്ടും തുടങ്ങാനിരിക്കെ ഫാക്ടറിയിലെ വീഡിയോ പുറത്ത് വിട്ട് ഓല സിഇഒ ഭവീഷ് അഗര്‍വാള്‍. ലോകത്തെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ ഫാക്ടറി, സ്ത്രീകള്‍ നയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാക്ടറി കൂടിയാണെന്ന് നേരത്തെ ഓല വ്യക്തമാക്കിയിരുന്നു.

ഓല സ്‌കൂട്ടറിന്റെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളും അതില്‍ പങ്കാളികളാവുന്ന വനിതാ ജീവനക്കാരുടെയും വീഡിയോ ആണ് ട്വിറ്ററിലൂടെ ഭവീഷ് പങ്കുവെച്ചത്. ഞങ്ങളുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലെ വളരെ വേഗം ഉത്പാദനം ഉയര്‍ത്തുകയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് ഓലയുടെ സ്‌കൂട്ടര്‍ ഫാക്ടറി.
OLA S1, OLA S1 Pro എന്നിങ്ങനെ രണ്ട് മോഡലുകളില്‍ എത്തുന്ന ഇ-സ്‌കൂട്ടറുകള്‍ നവംബര്‍ 10 മുതല്‍ ടെസ്റ്റ് ഡ്രൈവിന് ലഭ്യമായി തുടങ്ങും. ഓലയുടെ ഹൈപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ചിത്രങ്ങളും നേരത്തെ ഭവീഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
രാജ്യത്തെ 400 നഗരങ്ങളിലായി ഒരു ലക്ഷം ഹൈപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആണ് കമ്പനിയുടെ ലക്ഷ്യം. 18 മിനിട്ട് കൊണ്ട് 75 കിലോമീറ്റര്‍ ഓടാനുള്ള ശേഷിയാണ് ഹൈപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കുന്നത്. ഓല എസ് വണ്ണിന് 99,999 രൂപയും ഓല എസ് വണ്‍ പ്രൊയ്ക്ക് 1,29,999 രൂപയും ആണ് വില.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it