മിന്നി തിളങ്ങി ഹീറോ മോട്ടോകോര്‍പ്പ്, ബൈക്ക് ബസാര്‍ ഫിനാന്‍സ് കൂട്ടുകെട്ട്; നവംബറില്‍ മാത്രം നൽകിയത് 100 കോടി വായ്പ

മലയാളികളായ വി. കരുണാകരന്‍, രതീഷ് ഭരതന്‍ എന്നിവരും കെ. ശ്രീനിവാസും ചേര്‍ന്ന് 2017ല്‍ പൂനെ ആസ്ഥാനമായി തുടക്കമിട്ട ടൂവീലര്‍ ലൈഫ് സൈക്ക്ള്‍ കമ്പനിയായ ബൈക്ക് ബസാറിന്റെ ഭാഗമായ ബൈക്ക് ബസാര്‍ ഫിനാന്‍സും ലോകത്തിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ്പുമായുള്ള കൂട്ടുകെട്ടിന് മികച്ച വളര്‍ച്ച. 2021 നവംബറില്‍ മാത്രം ഹീറോയുടെ മോട്ടോര്‍സൈക്ക്ള്‍, സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ബൈക്ക് ബസാര്‍ 100 കോടി രൂപ വായ്പനല്‍കി.

ബൈക്ക് ബസാറുമായുള്ള സഹകരണം 2019 മുതലുണ്ടെന്നും സംഘടിതമേഖലയ്ക്ക് അധികം സാന്നിധ്യമില്ലാത്ത ഗ്രാമീണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ തങ്ങളുടെ ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ബൈക്ക് ബസാറിന്റെ സേവനം ഏറെ ഗുണകരമായതാണ് ഈ നേട്ടത്തിനു പിന്നിലെന്നും ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍ സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു. ബൈക്ക് ബസാറിന്റെ നേരിട്ടുള്ള കളക്ഷന്‍ മാതൃകയും ശ്രദ്ധേയമാണ്.
2017-ല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ആദ്യത്തെ മൂന്നു മാസം കൊണ്ടാണ് ഒരു കോടി വായ്പകള്‍ നല്‍കിയതെന്നും ഇപ്പോള്‍ ഒരു മാസത്തില്‍ ഹീറോയുടെ ഉപയോക്താക്കള്‍ക്കു വേണ്ടി മാത്രം 100 കോടി വായ്പ നല്‍കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ബൈക്ക് ബസാര്‍ ജോയിന്റ് എംഡി വി കരുണാകരന്‍ പറഞ്ഞു. രാജ്യത്തെ 400-ലേറെ സ്ഥലങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി അടുത്ത വര്‍ഷം ഇത് ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയതും പ്രീ-ഓണ്‍ഡുമായ ടൂവീലര്‍ വാങ്ങുന്നതിനുള്ള ഫിനാന്‍സിംഗ്, ഗ്രീന്‍ ബൈക്ക്സ്, ഇന്‍ഷുറന്‍സ്, സര്‍വീസിംഗ്, സ്പെയര്‍ പാര്‍ട്സ് മാനേജ്മെന്റ്, പ്രീ-ഓണ്‍ഡ് ടൂവീലറുകള്‍ വില്‍ക്കുന്നതിനുള്ള സുതാര്യമായ സേവനം എന്നീ മേഖലകളിലാണ് ബൈക്ക് ബസാറിന്റെ പ്രവര്‍ത്തനം.
നിര്‍മിക്കുന്ന ടൂവീലറുകളുടെ എണ്ണത്തില്‍ കഴിഞ്ഞ 20 വര്‍ഷം തുടര്‍ച്ചയായി ആഗോള ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഹീറോ മോട്ടോര്‍കോര്‍പ്പ് ഇക്കാലത്തിനിടെ മൊത്തം 10 കോടിയിലേറെ എണ്ണം ടൂവീലറുകള്‍ വിറ്റുകഴിഞ്ഞു. 42 രാജ്യങ്ങളില്‍ കമ്പനിക്ക് വില്‍പ്പനയുണ്ട്. ഇന്ത്യയില്‍ ആറും ബംഗ്ലാദേശ്, കൊളംബിയ എന്നിവിടങ്ങളില്‍ ഓരോന്നുമായി ഹീറോയ്ക്ക് എട്ട് നിര്‍മാണ യൂണിറ്റുകളുണ്ട്.


Related Articles

Next Story

Videos

Share it