എത്തി, ബി എം ഡബ്ല്യു 3 സീരിസിലെ ഗ്രാന്‍ ലിമോസിന്‍

ബി എം ഡബ്ല്യു 3 സീരീസ് സെഡാന്റെ ലോംഗ് വീല്‍ബേസ് പതിപ്പായ ഗ്രാന്‍ ലിമോസിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ചൈനയില്‍ ആദ്യമായി അവതരിപ്പിച്ച ലോംഗ് വീല്‍ബേസ് 3 സീരീസ് ലഭിക്കുന്ന ആദ്യത്തെ റൈറ്റ് ഹാന്റ് ഡ്രൈവ് വിപണിയാണ് ഇന്ത്യ.

ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയ്ക്ക് പകരമായി സ്റ്റാന്‍ഡേര്‍ഡ് 3 സീരീസിനൊപ്പം ഗ്രാന്‍ ലിമോസിന്‍ വില്‍ക്കും.
കാഴ്ചയില്‍ ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിനും സ്റ്റാന്‍ഡേര്‍ഡ് 3 സീരീസും ഏകദേശം സമാനമാണെങ്കിലും ഗ്രാന്‍ ലിമോസിന് നീളമുള്ളതിനാല്‍ തന്നെ ഏറെ സൗകര്യപ്രദമാണ്. ഗ്രാന്‍ ലിമോസിന് സ്റ്റാന്‍ഡേര്‍ഡ് 3 നെക്കാള്‍ 110 മില്ലീമീറ്റര്‍ നീളമാണുള്ളത്. വീല്‍ബേസിനും ഈ ദൈര്‍ഘ്യം ലഭിക്കും.
രണ്ട് വേരിയന്റുകളിലായാണ് വാഹനം ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. ലക്ഷ്വറി പതിപ്പിലും എം സ്പോര്‍ട്ട് പതിപ്പിലുമായി എത്തുന്ന പെട്രോള്‍ വാഹനത്തിന് 51.50 ലക്ഷം രൂപ മുതല്‍ 53.90 ലക്ഷം രൂപ വരെയും ഡീസലിന് 52.50 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഫ്രണ്ട് ബമ്പറും ഗ്ലോസ് ബ്ലാക്ക് ട്രിം അഡീഷനുകളും ഉപയോഗിച്ച് എം സ്‌പോര്‍ട്ട് വേരിയന്റ് വ്യത്യസ്ഥ മുഖവും നല്‍കുന്നു. കാര്‍ബണ്‍ ബ്ലാക്ക്, കാശ്മീര്‍ സില്‍വര്‍, മെല്‍ബണ്‍ റെഡ്, മിനറല്‍ വൈറ്റ് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളുണ്ട്. ലക്ഷ്വറി പതിപ്പിന് 17 ഇഞ്ച് വി-സ്പോക്ക് അലോയ് വീലുകള്‍ ഉള്ളപ്പോള്‍ എം സ്പോര്‍ട്ടിന് 18 ഇഞ്ച് ഇരട്ട-സ്പോക്ക് അലോയ്കള്‍ ലഭിക്കുന്നു.
പനോരമിക് സണ്‍റൂഫിലാണ് ഗ്രാന്‍ ലിമോസിന്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയില്‍ ലൈറ്റുകളും, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബി എം ഡബ്ല്യുവിന്റെ ഐ ഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 16 സ്പീക്കര്‍ ഹാര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സ്റ്റാന്‍ഡേര്‍ഡ് 3 സീരീസിന് സമാനമായി ബി എം ഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് 258 എച്ച്പി, 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 190 എച്ച്പി, 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റ് എന്നിവയും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണുള്ളത്. പെട്രോള്‍ പതിപ്പിന് 6.2 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുമെന്ന് ബി എം ഡബ്ല്യു അവകാശപ്പെടുന്നു. ഡീസലിന് 7.6 സെക്കന്‍ഡിലും ഈ വേഗത കൈവരിക്കാനാവും.


Related Articles
Next Story
Videos
Share it