bmw ce04
image credit: www.bmw-motorrad.in

ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 18 ലക്ഷമോ!, വാഹനലോകത്തെ ഞെട്ടിച്ച് ബി.എം.ഡബ്ല്യൂ

വാഹനം റോഡിലിറങ്ങണമെങ്കില്‍ ഏതാണ്ട് 18 ലക്ഷത്തോളം രൂപയാകും
Published on

ഇന്ത്യയിലെ ഏറ്റവും വിലക്കൂടിയ ഇലക്ട്രിക് ഇരുചക്രവാഹനം അവതരിപ്പിച്ച് ബി.എം.ഡബ്ല്യൂ. സി.ഇ 04 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് 14.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്‌കൂട്ടര്‍ ശ്രേണിയിലെയും വിലക്കൂടിയ മോഡലാണിത്. വാഹനം റോഡിലിറങ്ങണമെങ്കില്‍ ഏതാണ്ട് 18 ലക്ഷത്തോളം രൂപ ചെലവാകും.

8.5 കിലോവാട്ട് അവര്‍ (kWh) ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബി.എം.ഡബ്ല്യൂ സി.ഇ 04ന് 130 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 2.3 കിലോ വാട്ടിന്റെ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 4 മണിക്കൂര്‍ 20 മിനിട്ട് കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. 6.9 കിലോ വാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഒരു മണിക്കൂറും 40 മിനിട്ടും മതിയാകും ചാര്‍ജിംഗിന്.

വാഹനത്തിലെ ലിക്വിഡ് കൂള്‍ഡ് പെര്‍മനന്റ് മാഗ്‌നറ്റ് മോട്ടോര്‍ 31 കിലോ വാട്ട് (42 ബി.എച്ച്.പി) കരുത്തും 62 എന്‍.എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയുന്നതാണ്. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.6 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 120 കിലോ മീറ്ററാണ് പരമാവധി വേഗത.

വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന 15 ഇഞ്ച് ടയറുകളും നിലവിലെ സ്‌കൂട്ടര്‍ വിപണിക്ക് സുപരിചിതമല്ലാത്തതാണ്. 780 എം.എമ്മാണ് സീറ്റുകളുടെ ഉയരം. സ്‌കൂട്ടറിന്റെ ഭാരം 231 കിലോഗ്രാമാണ്. ബി.എം.ഡബ്ല്യൂ ആര്‍ 1300 ജി.എസിന്റെ ഭാരത്തിന് തുല്യം.

എല്‍.ഇ.ഡി ലൈറ്റ്, ബ്ലൂടൂത്തോടെയുള്ള 10.25 ടി.എഫ്.ടി ഡിസ്‌പ്ലേ, കീ ലെസ് ഇഗ്നീഷന്‍, എ.ബി.എസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ബ്ലൂ, വൈറ്റ് നിറങ്ങളിലാണ് വാഹനം ലഭിക്കുക. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സെപ്തംബറില്‍ വാഹനം ഉപയോക്താക്കള്‍ക്ക് കൈമാറും.

മൂന്ന് കാറുകളും വിപണിയില്‍

 ഇതിന് പുറമെ വാഹനലോകം കാത്തിരുന്ന മൂന്ന് കാറുകളും ബി.എം.ഡബ്ല്യൂ പുറത്തിറക്കി. മിനി കൂപ്പര്‍ അപ്‌ഡേറ്റഡ് വേര്‍ഷന്‍ (44.90 ലക്ഷം രൂപ), മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇ.വി (54.90 ലക്ഷം രൂപ), ലോംഗ് വീല്‍ ബേസ് 5 സീരീസ് (72.90 ലക്ഷം രൂപ) എന്നിവയാണ് പുതിയ മോഡലുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com