വന്‍ പദ്ധതികളുമായി ബിഎംഡബ്ല്യു, ഇന്ത്യയില്‍ കൂടുതല്‍ ഇവി മോഡലുകള്‍ അവതരിപ്പിച്ചേക്കും

ഇന്ത്യന്‍ ഇലക്ട്രിക് (Electric Vehicles) വാഹന വിപണിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വന്‍ പദ്ധതികളുമായി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു (BMW). ഇവി വിഭാഗത്തില്‍ ഒന്നിലധികം മോഡലുകള്‍ അവതരിപ്പിക്കാനാണ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്തൃ സ്വീകാര്യത പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ബിഎംഡബ്ല്യു ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത കലണ്ടര്‍ വര്‍ഷാവസാനത്തോടെ തങ്ങളുടെ ഡിമാന്‍ഡിന്റെ 10 ശതമാനം ഇവി മോഡലുകളില്‍നിന്നാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബിഎംഡബ്ല്യു ഇന്ത്യ ഈ വര്‍ഷം അനുവദിച്ച എസ്യുവി ഐഎക്സിന്റെയും ഓള്‍-ഇലക്ട്രിക് മിനിയുടെയും ബാച്ചുകള്‍ ഇതിനകം തന്നെ വിറ്റുപോയിട്ടുണ്ട്. അതിനിടെ മിഡ്‌സൈസ് ഇലക്ട്രിക് സെഡാന്‍ ഐ4 കഴിഞ്ഞദിവസമാണ് ബിഎംഡബ്ല്യു പുറത്തിറക്കിയത്. 69.90 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില.
ആഗോളതലത്തില്‍, 2023 ഓടെ 25 ഇലക്ട്രിക് വാഹനങ്ങളാണ് ബിഎംഡബ്ല്യു അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രീമിയം സ്പെയ്സില്‍ ഏത് പുതിയ സാങ്കേതികവിദ്യയും സ്വീകരിക്കുന്നത് വളരെ വേഗത്തിലാണെന്ന് പവ പറഞ്ഞു. ''ഞങ്ങളുടെ ഉപഭോക്താക്കള്‍ ഒരു വിട്ടുവീഴ്ചയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ വേണം. ഐ4 വില്‍പ്പനയിലൂടെ അടുത്ത വര്‍ഷം അവസാനത്തോടെ ഡിമാന്‍ഡിന്റെ 10 ശതമാനം ഇവികളില്‍നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' പവ പറഞ്ഞു.
ഇലക്ട്രിക് ചാര്‍ജിംഗ് സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിലും കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. രാജ്യത്തെ 34 നഗരങ്ങളിലായി 50 ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്ന് ബിഎംഡബ്ല്യു ഇന്ത്യ പറഞ്ഞു. 2022 ഏപ്രില്‍ വരെ വില്‍പ്പന 36 ശതമാനം വളര്‍ച്ചയോടെ പ്രാദേശിക വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചുവെന്ന് പവ പറഞ്ഞു. കമ്പനിക്ക് 2000 യൂണിറ്റുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it