Begin typing your search above and press return to search.
ബുക്കിംഗ് ആരംഭിച്ചു: ജാഗ്വാര്‍ എഫ്-പേസ് എസ് വി ആർ ആണ്ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിച്ചേക്കും
ആഡംബര വാഹനങ്ങളില്‍ എസ് യു വി വിഭാഗത്തില്‍ കരുത്ത് തെളിയിക്കാനെത്തുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ എഫ്-പേസ് എസ് വിആറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 540 എച്ച്പി കരുത്തിലെത്തുന്ന എഫ്-പേസ് എസ്വിആര്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് സെക്കന്‍ഡുകള്‍ കൊണ്ട് 0-100 വരെ കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ സ്‌പോര്‍ട്‌സ് എസ്‌യുവി ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു.
ഈ മാസം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിയ 2021 എഫ്-പേസ് എസ്യുവിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മോഡലാണ് പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ്യുവി. ആക്രമണാത്മക സ്‌റ്റൈലിംഗും പുതിയ ഇന്റീരിയറും ഉള്ള പുതിയ എഫ്-പേസ് എസ്വിആര്‍ സമാന സാങ്കേതിക, സവിശേഷത അപ്ഗ്രേഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
ജെഎല്‍ആറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍സ് ഓപ്പറേഷന്‍സ് (എസ്വിഒ) വിഭാഗമാണ് എഫ്-പേസ് എസ്വിആര്‍ എസ്യുവി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എഫ്-പേസ് എസ്വിആര്‍ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി 8 എഞ്ചിനിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവ 540 എച്ച്പിയും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണുള്ളത്. എസ്വിഒയിലെ ടീം വാഹനത്തിന്റെ ഇലക്ട്രോണിക് ആര്‍ക്കിടെക്ചര്‍, ട്രാന്‍സ്മിഷന്‍ ബ്രേക്കുകള്‍, സസ്‌പെന്‍ഷന്‍, ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഒത്തുചേര്‍ന്ന എഫ്-പേസ് എസ്വിആറിന് വെറും നാല് സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
വാഹനത്തിന്റെ ഇന്റീരിയറും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പിവി പ്രോ ഒ.എസ് ഇന്റര്‍ഫേസ് നല്‍കുന്ന 11.4 ഇഞ്ച് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള പുതിയ ഡാഷ്ബോര്‍ഡ് എസ്യുവിയുടെ സവിശേഷതയാണ്. ഇത് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും പിന്തുണയ്ക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, പിഎം 2.5 എയര്‍ പ്യൂരിഫയര്‍ എന്നിവയും ഇതില്‍ സജ്ജീകരിക്കാം.
സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍, ഡീസല്‍ എഫ്-പേസ് മോഡലിന് 70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ ഏറെ സവിശേഷതകളുമായി അവതരിപ്പിക്കുന്ന ജാഗ്വാര്‍ എഫ്-പേസ് എസ്വിആറിന് 1.3 കോടി രൂപയ്ക്ക് (എക്‌സ്-ഷോറൂം) മുകളില്‍ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos