ഇ-വാഹനങ്ങളുടെ സബ്‌സിഡി ഉയര്‍ത്തുന്നു, തലസ്ഥാനത്തെ കെ.എ.എല്ലിനും നേട്ടം
രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പന ഉയര്‍ത്തുന്നതിനായി അവക്കുള്ള സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. സ്വകാര്യ വൈദ്യുത വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കേണ്ടെന്ന മുന്‍ തീരുമാനത്തെയാണ് ഇതിലൂടെ കേന്ദ്രം തിരുത്തുന്നത്. പുതിയ പദ്ധതി പ്രകാരം മോഡല്‍ അനുസരിച്ച് ഓരോ വൈദ്യുത കാറിനും 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. വാഹന വിലയുടെ 20 ശതമാനമായിരിക്കും സബ്‌സിഡിയായി ലഭിക്കുക.
ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്കും സബ്്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കും. വൈദ്യുത വാഹനങ്ങളുടെ വിപണി വിഹിതം നിലവിലുള്ള ഒരു ശതമാനത്തില്‍ നിന്ന് 2030 ഓടെ 40 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സബ്‌സിഡിക്കും അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിനുമായി 5500 കോടി രൂപ അനുവദിക്കണമെന്ന നിര്‍ദേശമാണ് ബന്ധപ്പെട്ട ഉന്നതാധികാര സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ടാറ്റയും മഹീന്ദ്രയുമാണ് ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ആട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡ്് (ഗഅഘ) വൈദ്യുത ആട്ടോറിക്ഷകളുടെ നിര്‍മ്മാണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. അതിനാല്‍ ഇത്തരമൊരു തീരുമാനം കെ.എ.എല്ലിനും നേട്ടമാകും.
ഇപ്പോള്‍ ഡീസലും പെട്രോളും ഉപയോഗിച്ചോടുന്ന മുച്ചക്ര വാഹനങ്ങളാണ് കെ.എ.എല്‍ നിര്‍മ്മിക്കുന്നത്. ത്രീ വീലറിലുള്ള യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും കമ്പനിക്കുണ്ട്. വൈദ്യുത ആട്ടോയുടെ മാതൃക ഉടനടി ലോഞ്ച് ചെയ്യുന്നതിനും ഈ വര്‍ഷം തന്നെ ഉല്‍പാദനം ആരംഭിക്കുന്നതിനുമാണ് കെ.എ.എല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.