

സംസ്ഥാനത്ത് ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബസ് ഉടൻ പുറത്തിറക്കാനുളള നടപടികളില്‍ ബി.പി.സി.എല്ലും സിയാലും. കേരളത്തിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിന്റെയും ഇന്ധന സ്റ്റേഷന്റെയും നിര്‍മ്മാണം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുരോഗമിക്കുകയാണ്.
പ്ലാന്റും ഇന്ധന സ്റ്റേഷനുകളും സ്ഥാപിക്കുക, സാങ്കേതികവിദ്യ ഉറപ്പാക്കുക, പ്രവർത്തന മേല്‍നോട്ടം വഹിക്കുക തുടങ്ങിയവയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) നിര്‍വഹിക്കുക.
ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന ബസിന്റെ പ്രോട്ടോടൈപ്പ് മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ നടന്ന ഗ്ലോബൽ ഹൈഡ്രജൻ & റിന്യൂവബിൾ എനർജി ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്ലാന്റ് കമ്മീഷൻ ചെയ്താലുടൻ ബസിന്റെ സര്‍വീസ് ആരംഭിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. നിലവിൽ പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 25 കോടി രൂപ ചെലവിലാണ് ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.
പൂനെ ആസ്ഥാനമായ കമ്പനി കെപിഐടി ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് ബസില്‍ ഉപയോഗിക്കുന്നത്. വിമാനത്താവളത്തിനുള്ളിൽ വിന്യസിക്കാനോ വിമാനത്താവളത്തിലേക്ക് ഹ്രസ്വ ദൂര കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനോ ബസ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
വെള്ളത്തിൽ നിന്ന് പുനരുപയോഗ ഊർജ്ജ സ്രോതസുകൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമായാണ് വിലയിരുത്തപ്പെടുന്നത്. കാർബൺ ബഹിര്‍ഗമനം പൂജ്യം ആയതിനാല്‍ പരിസ്ഥിതി മലിനീകരണം തീരെ ഇല്ലാത്ത ഇന്ധനമാണിത്.
ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾ, ട്രക്കുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവയുടെ അഞ്ച് പൈലറ്റ് പദ്ധതികൾ ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ 10 റൂട്ടുകളിലാണ് ഇവ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പാള്‍ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് കേരളത്തിലുളളത്. ഒന്നര, രണ്ട് വര്‍ഷത്തിനുളളില്‍ പദ്ധതികൾ കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine