Begin typing your search above and press return to search.
₹1.29 ലക്ഷം മുതല്‍ വില! സൂപ്പര്‍ ബൈക്കുകളുമായി ഓസ്‌ട്രേലിയന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍, ഞെട്ടിക്കാന്‍ ഇ.വിയും
ഓസ്‌ട്രേലിയന്‍ ഇരുചക്ര വാഹന നിര്‍മാതാവായ ബ്രിക്‌സ്റ്റണ്‍ (Brixton) ഇന്ത്യയിലെത്തി. ആദ്യഘട്ടത്തില്‍ നാല് ബൈക്കുകളും ഇലക്ട്രിക് വാഹന സെഗ്‌മെന്റില്‍ ഒരു സ്‌കൂട്ടറും നിരത്തിലേക്ക്. ക്രോംവെല്‍ 1200 എക്‌സ്, ക്രോംവെല്‍ 1200, ക്രോസ്ഫയര്‍ 500എക്‌സ്, ക്രോസ്ഫയര്‍ 500എക്‌സ് സി, വി.എല്‍.എഫ് 1,500 ഡബ്ല്യൂ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയാണ് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയത്. കെ.എ.ഡബ്ല്യൂ വെലോസ് മോട്ടോര്‍സ് എന്ന ഇന്ത്യന്‍ കമ്പനിയാണ് ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.
ക്രോംവെല്‍ 1200
1960 കളില്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിളുകളുമായി സാമ്യം തോന്നുന്ന റെട്രോ ഡിസൈനിലാണ് റോഡ്‌സ്റ്റര്‍ ശ്രേണിയില്‍ ക്രോംവെല്‍ 1,200 നിരത്തിലെത്തുന്നത്. 1,222 സി.സി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 6,500 ആര്‍.പി.എമ്മില്‍ 82 ബി.എച്ച്.പി കരുത്തും 3,100 ആര്‍.പി.എമ്മില്‍ 108 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. മുന്നില്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും സ്‌പോക് വീലുകള്‍ വാഹനത്തിന് റെട്രോ ലുക്ക് നല്‍കുന്നുണ്ട്. വാഹനത്തെ പിടിച്ചുനിറുത്താന്‍ മുന്നില്‍ 310 എം.എം ഇരട്ട ഡിസ്‌ക് ബ്രേക്കും പിന്നില്‍ 260 എം.എം ഡിസ്‌കുമുണ്ട്. ഇരട്ടചാനല്‍ എ.ബി.എസ് വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തും. സ്‌പോര്‍ട്‌സ്, ഇകോ എന്നിങ്ങനെ രണ്ട് മോഡുകളാണ് വാഹനത്തിനുള്ളത്. 7,83,999 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ബ്രിക്‌സ്ടണ്‍ ക്രോംവെല്‍ 1200 എക്‌സ്
റെട്രോ ഡിസൈനില്‍ അര്‍ബന്‍ സ്‌ക്രാംബ്ലര്‍ വിഭാഗത്തിലാണ് ക്രോംവെല്‍ 1200 എക്‌സിന്റെ വരവ്. റോഡ് പര്‍പ്പസ് ടയറിന് പകരം സ്‌പോര്‍ട്‌സ് ഡ്യുവല്‍ പര്‍പ്പസ് ബ്ലോക്ക് പാറ്റേണ്‍ ടയറുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. റോഡിലും ഓഫ്‌റോഡിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ ഈ ടയറുകള്‍ ഉപയോഗമാകും. ചെറിയ മാറ്റങ്ങളുണ്ടെന്ന് ഒഴിച്ചാല്‍ എഞ്ചിനും പ്ലാറ്റ്‌ഫോമുമെല്ലാം ബ്രിക്‌സ്ടണ്‍ ക്രോംവെല്‍ 1200ന്റേതിന് സമാനമാണ്.
ബ്രിക്‌സ്ടണ്‍ ക്രോസ്ഫയര്‍ 500 എക്‌സ്
നിയോ-റെട്രോ കഫേ റേസര്‍ സ്റ്റൈലിലുള്ള ബൈക്കാണിത്. 486 സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി കരുത്തും 6,750 ആര്‍.പി.എമ്മില്‍ 43 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മുന്നില്‍ കംപ്രഷന്‍ അഡ്ജസ്റ്റബിള്‍ ഇന്‍വര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. 4,74,799 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഈ മോഡലിന്റെ തന്നെ സ്‌ക്രാംബ്ലര്‍ ലുക്കിലുള്ള വാഹനമാണ് ക്രോസ്ഫയര്‍ 500 എക്‌സ് സി എന്ന പേരിലെത്തുന്നത്. കുറച്ചു കൂടി അഗ്രസീവായ ലുക്കാണ് എക്‌സ് സിക്ക് നല്‍കിയിരിക്കുന്നത്. 5,19,400 രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
വി.എല്‍.എഫ് ടെന്നിസ് 1500ഡബ്ല്യൂ
പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കാണ് ടെന്നിസിന്റെ വരവ്. പഴയകാല ഇറ്റാലിയന്‍ സ്‌കൂട്ടറുകളെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ള നിയോ-റെട്രോ ഡിസൈനാണ് വാഹനത്തിനുള്ളത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 1.5കിലോവാട്ട് മോട്ടോറാണ് വാഹനത്തിന് കരുത്തു പകരുന്നത്. 2.5 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി 130 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. 1,29,999 രൂപയാണ് ടെന്നിസിന്റെ എക്‌സ് ഷോറൂം വില.
ഓസ്‌ട്രേലിയയില്‍ 125 സിസി മുതല്‍ 1,200 സിസി വരെയുള്ള ബൈക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ബ്രിക്സ്റ്റണ്‍. ആദ്യമെത്തിച്ച നാല് ബൈക്കുകള്‍ക്ക് പുറമെ കുറഞ്ഞ വിലയിലുള്ള മോഡലുകള്‍ കൂടി ഇന്ത്യയിലെത്തിച്ചാല്‍ ഈ രംഗത്തെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. നിലവില്‍ വിപണിയിലുള്ള പല ബൈക്കുകള്‍ക്കും ഇവന്‍ ഭീഷണിയാകുമെന്നും വാഹനലോകം കരുതുന്നു.
Next Story
Videos