ഇതിനേക്കാള്‍ യോഗ്യനായ 'സിംഗിള്‍' ഇന്ത്യയിലില്ല! ഇന്റര്‍സെപ്റ്ററിന് പണിയാകുമോ?

ബ്രിട്ടീഷ് ക്ലാസിക്ക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ബി.എസ്.എ (ബെര്‍മിന്‍ഹാം സ്മോള്‍ ആംസ് കമ്പനി) ഇന്ത്യയിലുമെത്തി. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായിരുന്ന ബി.എസ്.എയുടെ ഗോള്‍ഡ് സ്റ്റാര്‍ 650 ബൈക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഏറെക്കാലം നല്ല പേര് കേള്‍പ്പിച്ച ശേഷമാണ് ഗോള്‍ഡ് സ്റ്റാറിന്റെ ഇന്ത്യയിലേക്കുള്ള വരവ്. ജാവ, യെസ്ഡി ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് ഗോള്‍ഡ് സ്റ്റാറിന് പിന്നിലും.

ഏറ്റവും യോഗ്യനായ സിംഗിള്‍

652 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൈലൈറ്റ്. പക്ഷേ വാഹന പ്രേമികള്‍ ഏറ്റവും കൂടുതല്‍ നെറ്റിചുളിച്ചതും ഈ എഞ്ചിന്‍ കണ്ടിട്ടാണ്. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടറുമായി നിരത്ത് വാഴുന്ന ഇന്റര്‍സെപ്റ്ററുമായി മത്സരിക്കാന്‍ ഗോള്‍ഡ് സ്റ്റാറിന്റെ സിംഗിള്‍ സിലിണ്ടറിന് കഴിയുമോ എന്നതായിരുന്നു മിക്കവരുടെയും ചോദ്യം. ഇത് മനസിലാക്കിയിട്ടാവണം 'ലോകത്തിലെ ഏറ്റവും യോഗ്യനായ സിംഗിള്‍' (The world's most eligible single) എന്ന ടാഗ് ലൈനോടുകൂടിയാണ് ഗോള്‍ഡ് സ്റ്റാറിന്റെ വരവ്.

ലുക്കില്‍ ക്ലാസിക്, ഫീച്ചറുകളില്‍ മോഡേണ്‍

1938 മുതല്‍ 1963 വരെ വിപണിയിലുണ്ടായിരുന്ന യഥാര്‍ത്ഥ ബി.എസ്.എ ഗോള്‍ഡ് സ്റ്റാറിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന രീതിയിലുള്ള രൂപകല്‍പ്പനയിലാണ് വാഹനം പുറത്തിറങ്ങുന്നത്. വാഹനത്തിന്റെ ഇന്ധനടാങ്ക്, ഫെന്‍ഡറുകള്‍, സൈഡ് പാനല്‍ എന്നിവ ക്രോം ഫിനിഷിങ്ങിലാണ്. 652 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 6,500 ആര്‍.പി.എമ്മില്‍ 45.6 ബി.എച്.പി കരുത്തും 4,000 ആര്‍.പി.എമ്മില്‍ 55 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്.

2.99 ലക്ഷം മുതല്‍

മുന്നിലെ ടെലിസ്‌കോപിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നിലെ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും മികച്ച റൈഡിംഗ് അനുഭവം നല്‍കും ക്ലാസിക് ലുക്ക് നല്‍കുന്നതിന് സ്പോക് വീലുകളുമുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്ന വാഹനത്തില്‍ എ.ബി.എസ് (Anti-lock braking system) സ്റ്റാന്‍ഡേര്‍ഡാണ്. സ്ലിപ്പര്‍ ക്ലച്ച്, യു.എസ്.ബി ചാര്‍ജര്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡിലെ പ്രകടനം മിന്നിക്കാന്‍ വേണ്ടി പെറലി ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 2.99 ലക്ഷം രൂപ മുതലാണ് ഗോള്‍ഡ് സ്റ്റാര്‍ 650ന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില.
ആഗോള മോട്ടോര്‍സൈക്കിള്‍ ചരിത്രത്തിന്റെ ഒരു ഭാഗമാണ് ബി.എസ്.എയിലൂടെ ഇന്ത്യയിലെത്തിച്ചതെന്ന് മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. സുവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്നതിനായി ഈ വാഹനത്തിന്റെ എഞ്ചിന്‍ ടാങ്കിന്റെ ഡിസൈന്‍ മുതല്‍ എഞ്ചിന്റെ ഓരോ കണിക വരെയും അതിയായ ശ്രദ്ധയോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ക്ലാസിക ലെജന്റ്സ് സഹസ്ഥാപകന്‍ അനുപം തേജ പറഞ്ഞു.

സര്‍വീസ് ശൃംഖല പണിയാകുമോ?

സംഗതി ക്ലാസിക് ബൈക്കാണെങ്കിലും സര്‍വീസിന്റെ കാര്യത്തില്‍ എന്തുചെയ്യുമെന്നാണ് ഉപയോക്താക്കളുടെ ചോദ്യം. ഇന്ത്യ മുഴുവന്‍ സര്‍വീസ് ശൃംഖല വിപുലീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കമ്പനി ഇതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി അധികൃതര്‍ സൂചിപ്പിക്കുന്നു.
Related Articles
Next Story
Videos
Share it