ബുള്ളറ്റിന് പണി കൊടുക്കാന്‍ മഹീന്ദ്രയുടെ കൈപിടിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ വരുന്നു 'ബ്രിട്ടീഷ് പുലി'

ക്ലാസിക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ബി.എസ്.എ (ബിര്‍മിന്‍ഹാം സ്മാള്‍ ആംസ് കമ്പനി ലിമിറ്റഡ് Birminham Small Arms Company Ltd) യുടെ ഗോള്‍ഡ് സ്റ്റാര്‍ ഈ വരുന്ന ആഗസ്റ്റ് 15ന് ഇന്ത്യയിലെത്തും. മോഡേണ്‍-റെട്രോ ലുക്കുള്ള ബൈക്കിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. അന്താരാഷ്ട്ര വിപണിയില്‍ കുറേക്കാലമായി വില്‍പ്പനയ്ക്കുള്ള വണ്ടി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് പുറത്തുവന്നെങ്കിലും ഇതാദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. ജാവ, യെസ്ഡി ബ്രാൻഡുകളെ ഇന്ത്യയിലെത്തിച്ച ക്ലാസിക് ലെജൻഡ്സാണ് ഗോൾഡ് സ്റ്റാറിന്റെ ഇന്ത്യൻ വരവിന് പിന്നിലും. മഹീന്ദ്രയുടെ ഉപകമ്പനിയാണ് ക്ലാസിക് ലെജൻഡ്സ്.
ക്ലാസിക്-റെട്രോ ലുക്ക്

1938 മുതല്‍ 1963 വരെ വിപണിയിലുണ്ടായിരുന്ന യഥാര്‍ത്ഥ ബി എസ് എ ഗോള്‍ഡ് സ്റ്റാറിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന രീതിയിലുള്ള രൂപകല്‍പ്പനയിലാണ് വാഹനം പുറത്തിറങ്ങുന്നത്. വാഹനത്തിന്റെ ഇന്ധനടാങ്ക്, ഫെന്‍ഡറുകള്‍, സൈഡ് പാനല്‍ എന്നിവ ക്രോം ഫിനിഷിങ്ങിലാണ്. 652 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 6,500 ആര്‍.പി.എമ്മില്‍ 45 ബി.എച്.പി കരുത്തും 4,000 ആര്‍.പി.എമ്മില്‍ 55 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ലാസിക് ലുക്ക് നല്‍കുന്നതിന് സ്‌പോക് വീലുകളുമുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്ന വാഹനത്തില്‍ എ.ബി.എസ് (Anti-lock braking system) സ്റ്റാന്‍ഡേര്‍ഡാണ്. സ്ലിപ്പര്‍ ക്ലച്ച്, യു.എസ്.ബി ചാര്‍ജര്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില മൂന്ന് ലക്ഷം മുതല്‍?

ഇന്ത്യയിലെത്തിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് കരുതുന്ന വാഹനത്തിന് 6500 മുതല്‍ 7000 വരെ പൗണ്ടാണ് (6.5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ രൂപ) ബ്രിട്ടണിലെ വില. ഇന്ത്യയില്‍ മൂന്ന് ലക്ഷം മുതലായിരിക്കും എക്‌സ് ഷോറൂം വിലയുണ്ടാവുകയെന്നാണ് വാഹന ലോകത്തെ സംസാരം.
ഇന്റര്‍സെപ്റ്ററിന് പണിയാകുമോ?

റോയല്‍ എന്‍ഫീല്‍ഡിന്റെ അറുപതുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന റെട്രോ-മോഡേണ്‍ ബ്രിട്ടീഷ് റോഡ്‌സ്റ്റര്‍ ലുക്കിലെത്തിയ വാഹനമാണ് ഇന്റര്‍സെപ്റ്റര്‍ 650. 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ 7150 ആര്‍.പി.എമ്മില്‍ 47 ബി.എച്.പി കരുത്തും 5250 ആര്‍.പി.എമ്മില്‍ 52 ന്യൂട്ടണ്‍ മീറ്റര്‍ വരെ ടോര്‍ക്കും ഉത്പാദിപ്പിക്കും. സിറ്റി ട്രാഫിക്കിലും ഹൈവേകളിലും സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വാഹനത്തിന്റെ നിര്‍മാണം. 3.21ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
ട്വിന്‍ സിലിണ്ടര്‍ എഞ്ചിനും ഇന്ത്യയാകെ വ്യാപിച്ചു കിടക്കുന്ന സര്‍വീസ് സ്റ്റേഷനുകളുമാണ് ഇന്റര്‍സെപ്റ്ററിന് മുന്‍തൂക്കം നല്‍കുന്നത്. ക്ലാസിക് മോട്ടോര്‍ സൈക്കിളുകളെ സ്‌നേഹിക്കുന്നവര്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നുക ഗോള്‍ഡ് സ്റ്റാറിനോടാകും. സിംഗിള്‍ സിലിണ്ടറില്‍ സമാനമായ പവര്‍ ഫിഗറുകളില്‍ പുതിയൊരു മോഡല്‍ എത്തുമ്പോള്‍ ഉപയോക്താക്കള്‍ ഏത് തിരഞ്ഞെടുക്കുമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

Related Articles

Next Story

Videos

Share it