വേഗതയില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ബുഗാട്ടി, 33 കോടി രൂപയുടെ ടൂബിയോണ്‍ വിപണിയില്‍

വാഹന പ്രേമികളുടെ എക്കാലത്തെയും ഇഷ്ട വാഹന ബ്രാന്‍ഡുകളിലൊന്നാണ് ബുഗാട്ടി. രൂപമാറ്റം വരുത്താതെ വേഗത കൊണ്ട് റോഡുകളില്‍ ഇത്രയും അത്ഭുതങ്ങള്‍ സൃഷ്ടിച്ചൊരു വാഹനം മറ്റൊന്നില്ലെന്ന് പറയാം. 2016ലാണ് ബുഗാട്ടി ബ്രാന്‍ഡില്‍ ഷിരോണ്‍ ഇറങ്ങുന്നത്. മണിക്കൂറില്‍ 300 മൈല്‍ (482.8 കിലോമീറ്റര്‍) വേഗപരിധി മറികടന്ന് ഞെട്ടിച്ച കാറായിരുന്നു ഷിരോണ്‍. അതിന് ശേഷം വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന വാഹനമാണ് ഹൈബ്രിഡ് എഞ്ചിനില്‍ ബുഗാട്ടി അവതരിപ്പിച്ചിരിക്കുന്നത്. ടൂബിയോണ്‍ (Tourbillon) എന്ന് പേരിട്ടിരിക്കുന്ന വാഹനം ലോകത്തിലെ ഏറ്റവും വേഗതയേറിയ റോഡ് കാര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
ആകെ 250 എണ്ണം, റെക്കോര്‍ഡ് വില

2026ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറുമെന്ന് കരുതപ്പെടുന്ന വാഹനത്തിന് 3.2മില്യന്‍ പൗണ്ട് (ഏകദേശം 33 കോടി രൂപ) മുതലായിരിക്കും വില. ആകെ 250 കാറുകള്‍ മാത്രമേ നിര്‍മിക്കൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ചക്രങ്ങളില്‍ സഞ്ചരിക്കുന്ന കലയാണ് ടൂബിയോണെന്നാണ് വാഹനം പുറത്തിറക്കുമ്പോള്‍ ബുഗാട്ടി സി.ഇ.ഒ മാറ്റേ റിമാക്ക്‌ പറഞ്ഞത്. 2021ലാണ് റിമാക്ക് ബുഗാട്ടിയെ സ്വന്തമാക്കുന്നത്.
എന്താണ് ടൂബിയോണ്‍?

വാഹനങ്ങളുടെ പേരിലും വ്യത്യസ്ത പരീക്ഷിക്കുന്ന കമ്പനിയാണ് ബുഗാട്ടി. 1939ലെ കാറോട്ട മത്സരത്തില്‍ ബുഗാട്ടിയെ കിരീട നേട്ടത്തിലെത്തിച്ച റേസ് കാര്‍ ഡ്രൈവര്‍ പിയറി വെയ്‌റോണിന്റെ സ്മരണക്കാണ് ഒരു മോഡലിന് വെയ്‌റോണ്‍ എന്ന് പേര് നല്‍കിയത്. 1931ലെ ഫ്രഞ്ച് ഗ്രാന്‍ഡ് പിക്‌സ് നേടിയ ലൂയിസ് ഷിരോണിന്റെ ഓര്‍മക്ക് അടുത്ത മോഡലിന് ഷിരോണ്‍ എന്ന് പേരിട്ടു. എന്നാല്‍ ടൂബിയോണ്‍ എന്ന പേരിന് പിന്നില്‍ ഇതൊന്നുമല്ല കഥ. 1700കളിലെ വാച്ച് നിര്‍മാണവുമായി ബന്ധപ്പെട്ടൊരു പേരാണിത്. ഭൂഗുരുത്വം (ഗ്രാവിറ്റി) ബാധിക്കാത്ത രീതിയില്‍ വാച്ചുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്നതാണ് ഈ വാക്ക്. ഭൂഗുരുത്വത്തെ വെല്ലുവിളിച്ച് കുതിച്ചു പായുന്ന കാറിന് ഇടാന്‍ പറ്റിയ പേര് തന്നെ.
ഉള്ളില്‍ ആഡംബരം, പക്ഷേ റോഡില്‍ പറക്കും
ഷിരോണില്‍ ഉപയോഗിച്ചിരുന്ന എട്ട് ലിറ്റര്‍, ഡബ്ല്യൂ 16 എഞ്ചിന് പകരം 8.3 ലിറ്റര്‍ വി 16 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ടൂബിയോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും സ്ഥാപിച്ചിരിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ വാഹനത്തിന് 789 ബി.എച്.പി അധിക കരുത്ത് നല്‍കും. ആകെ 1775 ബി.എച്.പി കരുത്താണ് വാഹനത്തിനുള്ളത്. 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ബോക്‌സാണ് നല്‍കിയിരിക്കുന്നത്. 24.8 കിലോ വാട്ട് അവര്‍ ബാറ്ററിയും വാഹനത്തിനുള്ളിലുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ക്ലാസിക് വാച്ചുകളുടെ ഡയലുകള്‍ പോലെയാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. 2075ല്‍ വിപണിയിലെത്തുന്ന
കാറുകളേക്കാള്‍ മികച്ച ഡിസൈനിലാണ്
ഇന്റീരിയര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

മണിക്കൂറില്‍ 445.78 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗതയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിന്റെ എഞ്ചിനും മോട്ടോറും കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറും കമ്പനി തയ്യാറാക്കി.2.0 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്ററും 25 സെക്കന്റില്‍ മണിക്കൂറില്‍ 400 കിലോമീറ്ററും വേഗത കൈവരിക്കാന്‍ കാറിന് കഴിയും.

ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനത്തിനെ പിടിച്ചു നിറുത്താന്‍ വേണ്ട സുരക്ഷാ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പക്ഷേ കയ്യില്‍ പണമുണ്ടെന്ന് കരുതി എല്ലാവര്‍ക്കും ടൂബിയോണ്‍ നല്‍കില്ലെന്നും ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ പറയുന്നു. ബുഗാട്ടിയുടെ വാഹനങ്ങളോട് താത്പര്യമുള്ളവര്‍ക്കും മുന്‍ മോഡലുകളുടെ ഉടമകള്‍ക്കും മാത്രമായി കച്ചവടം ചുരുക്കാനാണ് കമ്പനിയുടെ താത്പര്യം.
Related Articles
Next Story
Videos
Share it