2030 ഓടെ എല്ലാം ഇലക്ട്രിക്, കളം മാറ്റി ചവിട്ടാന്‍ ഈ ആഡംബര കാര്‍ നിര്‍മാതാവും

ആഗോളതലത്തിലെ ഭൂരിഭാഗം കാര്‍ നിര്‍മാതാക്കളും ഇലക്ട്രിക്കിലേക്കുള്ള മാറ്റം വ്യക്തമാക്കിയതിന് പിന്നാലെ വമ്പന്‍ പ്രഖ്യാപനവുമായി ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ്. 2030 ഓടെ തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലുള്ള എല്ലാ വാഹനങ്ങളെയും ഇലക്ട്രിക്കിലേക്ക് മാറ്റുമെന്നാണ് റോള്‍സ് റോയ്‌സ് വ്യക്തമാക്കിയത്. കൂടാതെ, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ 'സ്‌പെക്ടര്‍' 2023 ന്റെ അവസാനത്തോടെ വിപണിയിലെത്തിക്കുമെന്നും ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് പറഞ്ഞു.

''ഈ പുതിയ മോഡല്‍ ഉപയോഗിച്ച്, 2030 ഓടെ ഞങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറ്റും'' ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റോള്‍സ് റോയ്‌സ് സിഇഒ ടോര്‍സ്റ്റണ്‍ മുള്ളര്‍-ഒറ്റ്വോസ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നിരുന്നാലും, ഫോസില്‍ ഇന്ധനത്തിലുള്ള മോഡലുകളുടെ നിര്‍മാണം എന്ന് അവസാനിപ്പിക്കുമെന്നതിനെ കുറിച്ച് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. 2030 ഓടെ ഉല്‍പ്പാദനത്തില്‍ 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ, 2025 ഓടെ തങ്ങളുടെ എല്ലാ മോഡലുകളും ഇലക്ട്രിക് മാറ്റുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറും ബെന്റ്‌ലി മോട്ടോഴ്‌സും 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മെഴ്‌സിഡീസ് ബെന്‍സും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഏറെ സവിശേഷതകളോടെയായിരിക്കും റോള്‍സ് റോയ്‌സ് രൂപകല്‍പ്പന ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 500 കിലോമീറ്റര്‍ ദൂരപരിധി ഈ മോഡലില്‍ ലഭ്യമായേക്കും. കൂടാതെ, 10 കിലോവാട്ട് ബാക്ക്അപ്പ് പവറുള്ള മികച്ച ബാറ്ററി സംവിധാനവും ഈ മോഡലിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


Related Articles
Next Story
Videos
Share it